വെളിച്ചമെത്തി; വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

വണ്ടിപ്പെരിയാറില്‍ മെഴുകുതിരിവെട്ടത്തില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് വൈദ്യുതി എത്തി. കളക്ടറുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ 2 മാസത്തിന് ശേഷം അധികൃതര്‍ നേരിട്ടെത്തി കണക്ഷന്‍ നല്‍കി. 

വണ്ടിപ്പെരിയാറിലെ ഹഷിനിയും, ഹര്‍ഷിനിയും രണ്ട് മാസമായി മെഴുകുതിരി വെട്ടത്തില്‍പഠിക്കുന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പ്  പുറം ലോകത്തെ അറിയിച്ചു. പിന്നാലെ പരിഹാരം തേടി നിരന്തര ഇടപെടലുണ്ടായി.

റവന്യു മന്ത്രി, വൈദ്യുത മന്ത്രി എന്നിവര്‍ നേരിട്ട് ഇടപെട്ടിട്ടും, തോട്ടം ഉടമയും കെഎസ്ഇബിയും സാങ്കേതിക കാരണങ്ങളാല്‍ പരിഹാരം നീട്ടിക്കൊണ്ടുപോയി. വണ്ടിപ്പെരിയാര്‍ ക്ലബിന്റെ ഭൂമി പോബ്‌സ് ഗ്രൂപ്പ് എറ്റെടുത്തെങ്കിലും വീട്ടുടമയായ വിജയന് കൈമാറിയിട്ടില്ലെന്നായിരുന്നു വാദം. ആദ്യം വൈദ്യുതി ലഭിച്ചിരുന്ന പഴയ പോസ്റ്റിന് പകരം പോസ്റ്റ് ഇടാന്‍ കെഎസ്ഇബി ഇത് തടസവാദമാക്കി. പിന്നാലെ കളക്ടര്‍ നേരിട്ട് വിളിച്ച ചര്‍ച്ചയിലാണ് പരിഹാരമുണ്ടായത്. വൈകിട്ടോടെ വീട്ടുമുറ്റത്തും കുട്ടികളുടെ മുഖത്തും പ്രകാശം തെളിഞ്ഞു. ഹഷിനിയും ഹര്‍ഷിനിയും പിതാവിനും മുത്തച്ഛനും ഒപ്പം ഇനി ഇരുട്ടിനെ ഭയക്കാതെ പഠിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*