ചന്ദ്രനിൽ നഗരം നിർമ്മിക്കാനൊരുങ്ങി ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള എയറോസ്പേസ് സ്ഥാപനമായ സ്പേസ്എക്സ്. ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുകയെന്ന ദീർഘകാല ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ ചന്ദ്രനിൽ വാസസ്ഥലം സ്ഥാപിക്കുന്നതിന് മുൻഗണന നൽകുകയാണെന്നാണ് മസ്ക് പറഞ്ഞത്.
സ്പേസ് എക്സ് ഇതിനകം തന്നെ ചന്ദ്രനിൽ ഒരു നഗരം നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി എക്സിലെ ഒരു പോസ്റ്റിൽ മസ്ക് പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ അത് സാധ്യമാകുമെന്നും, എന്നാൽ ചൊവ്വയിൽ മനുഷ്യവാസ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് ഇരുപതിലധികം വർഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാന്ദ്ര ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പിന്നിൽ
“ഓരോ പത്ത് ദിവസവും ചന്ദ്രനിലേക്ക് യാത്ര ചെയ്യാനാകും. ഓരോ യാത്രയ്ക്കും രണ്ട് ദിവസം സമയമെടുക്കും. എന്നാൽ 26 മാസത്തിലൊരിക്കൽ ഗ്രഹങ്ങൾ വിന്യസിക്കുമ്പോൾ മാത്രമേ ചൊവ്വയിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ. ഇതിന് ആറ് മാസത്തെ യാത്ര വേണം. ഇതിനർത്ഥം ചൊവ്വയിൽ ഒരു നഗരം നിർമ്മിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ചന്ദ്രനിൽ ഒരു നഗരം നിർമ്മിക്കാം എന്നാണ്. ചൊവ്വയിൽ ഒരു നഗരം നിർമ്മിക്കാനുള്ള ശ്രമങ്ങൾ സ്പേസ്എക്സ് ഏകദേശം 5 മുതൽ 7 വർഷത്തിനുള്ളിൽ ആരംഭിക്കാൻ ശ്രമിക്കും. പ്രധാന മുൻഗണന നാഗരികതയുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ്” ഇലോൺ മസ്ക് പറഞ്ഞു.
“നക്ഷത്രങ്ങളിലേക്ക് അറിവും ജീവിതവും വ്യാപിപ്പിക്കുക”എന്ന സ്പേസ്എക്സിന്റെ ദൗത്യം അതേപടി തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ബഹിരാകാശ കമ്പനിയായ നാസയും എലോൺ മസ്കിന്റെ സ്പേസ്എക്സും തമ്മിൽ ആഴത്തിലുള്ള പങ്കാളിത്തമുണ്ട്. മസ്കിന് നാസയുടെ വാണിജ്യ കരാറുകാരനെന്ന നിലയിൽ വലിയം നേട്ടം കൈവരിക്കാനായിട്ടുണ്ട്.
മസ്കിന്റെ ചൊവ്വയിലെ കോളനിവത്ക്കരണ പദ്ധതികൾ അതിരുകടന്നതായി വിമശനങ്ങൾ ഉയരുന്നുണ്ട്. അമേരിക്കക്കാരെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിൽ നിന്ന് പിന്മാറുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തോട് യോജിക്കുന്നതാണ് മസ്കിന്റെ പുതിയ തീരുമാനം.
സ്പേസ്എക്സിന്റെ ചൊവ്വ ദൗത്യം
അതേസമയം ചൊവ്വയിലേക്കുള്ള മസ്കിന്റെ ദൗത്യം പുരോഗമിക്കുകയാണ്. സ്പേസ്എക്സിന്റെ റോക്കറ്റുകൾക്കുള്ള ധനസഹായവും ആസൂത്രണ ഘടകങ്ങളും എത്തിച്ചുതന്നാൽ 2024ൽ തന്നെ ചൊവ്വയിലേക്ക് പറക്കാൻ കഴിയുമെന്ന് 2016ൽ മസ്ക് പറഞ്ഞിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ 10 വർഷം കൊണ്ട്, അല്ലെങ്കിൽ 15 മുതൽ 20 വർഷം കൊണ്ടും ചൊവ്വയിലേക്ക് ദൗത്യമുണ്ടാകുമെന്ന് 2011ൽ വാൾ സ്ട്രീറ്റ് ജേണലിനോടും പറഞ്ഞിരുന്നു.
ആർട്ടെമിസ് 3 ദൗത്യം: 2028-ഓടെ അമേരിക്കക്കാരെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് മസ്ക്. ആർട്ടെമിസ് 3 ദൗത്യത്തിലാകും ഇത് സാധ്യമാവുക. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ ട്രംപ് പറഞ്ഞിരുന്നു. എങ്കിലും പല തവണ സമയം നീട്ടിയ ദൗത്യം, ചാന്ദ്ര ലാൻഡർ തയ്യാറാകാത്തതിനാൽ വീണ്ടും വൈകാനാണ് സാധ്യത.
ഇതിന് മുന്നോടിയായി നടക്കുന്ന ആർട്ടിമിസ്-2 ദൗത്യം ഫെബ്രുവരിയിൽ നടത്താനിരുന്നെങ്കിലും മോശം കാലാവസ്ഥ, റോക്കറ്റിലെ ദ്രാവക ഇന്ധന ചോർച്ച തുടങ്ങിയ കാരണങ്ങൾ മൂലം നീട്ടിവെച്ചു. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന ദൗത്യമാണിത്. തകരാറുകൾ പരിഹരിച്ച് മാർച്ച് 6 മുതൽ 9 വരെയുള്ള തീയതികളിലോ, മാർച്ച് 11 നോ ആയിരിക്കും ലോഞ്ച് നടക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്.



Be the first to comment