ഇഎംഐയായി തുക തിരിച്ചടയ്ക്കാം; യുപിഐയില്‍ പുതിയ ഫീച്ചര്‍ വരുന്നു, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ക്രെഡിറ്റ് ലൈനിന് പിന്നാലെ യുപിഐയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്റ് ഇഎംഐ ആക്കിമാറ്റാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) ആലോചിക്കുന്നത്.

ഉയര്‍ന്ന മൂല്യമുള്ള യുപിഐ പേയ്മെന്റുകള്‍ ഇഎംഐകളാക്കി മാറ്റാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് പുതിയ ഫീച്ചര്‍. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് യുപിഐ വഴി പര്‍ച്ചെയ്‌സ് നടത്തിയ ശേഷം, ഉപയോക്താക്കള്‍ക്ക് പ്രതിമാസ തവണകളായി തുക തിരിച്ചടയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്.

ഇതിനായി യുപിഐയുമായി ഇഎംഐ പേയ്മെന്റ് ഓപ്ഷനെ സംയോജിപ്പിക്കാന്‍ ഫിന്‍ടെക് സ്ഥാപനങ്ങളെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുവദിച്ചേക്കും. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ പേയ്മെന്റുകള്‍ തല്‍ക്ഷണം ഇഎംഐകളാക്കി മാറ്റാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുപിഐ പേയ്‌മെന്റ് നടത്തുമ്പോൾ ഉപയോക്താക്കൾക്ക് ഇഎംഐ തിരിച്ചടവ് ഉടനടി തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. യുപിഐ നെറ്റ്വര്‍ക്കില്‍ ക്രെഡിറ്റ് ഇടപാടുകള്‍ വര്‍ദ്ധിക്കാന്‍ ഇതു സഹായകമാകുമെന്നും എന്‍പിസിഐ കരുതുന്നു.

പോയിന്റ്-ഓഫ്-സെയില്‍ കാര്‍ഡ് ഇടപാടുകളോട് സമാനമായിരിക്കും ഇത്തരം ഇടപാടുകള്‍. കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ ഇഎംഐ ആക്കി മാറ്റാന്‍ കഴിയുന്നവിധമാണ് സംവിധാനം വരുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന ഘട്ടത്തില്‍ തന്നെ (ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി) പേയ്മെന്റുകള്‍ ഇഎംഐകളായി മാറ്റാന്‍ ഉപഭോക്താവിനെ അനുവദിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*