ദുബൈ: വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കിക്കൊണ്ടുള്ള ഉപഭോക്തൃ സുരക്ഷാ നിയമങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വന്നതായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ് വ്യക്തമാക്കി.
“എമിറേറ്റ്‌സിന്റെ വിമാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു, 2025 ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യമുണ്ട്,” എന്ന് കമ്പനി അറിയിച്ചു.
“എമിറേറ്റ്സ എല്ലാ വിമാനങ്ങളിലും സീറ്റിൽ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യം നൽകുന്നു, എന്നാലും, വിമാന യാത്ര തുടങ്ങുന്നതിന് മുമ്പ്, പ്രത്യേകിച്ച് ദീർഘദൂര യാത്രക്കാർ അവരുടെ ഉപകരണങ്ങൾ പൂർണ്ണമായും ചാർജ് ചെയ്യണമെന്ന് ഇപ്പോഴും കമ്പനി അഭ്യർത്ഥിച്ചു.”
വ്യോമഗതാഗതത്തിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടസാധ്യതകളെ കുറിച്ച് ഒരു സുരക്ഷാ അവലോകനത്തിൽ വിശദീകരിച്ചിരുന്നു, അതേ തുടർന്ന് ഈ നിയമം മുഴുവൻ വിമാനങ്ങളിലും ബാധകമാണെന്ന് എയർലൈൻ കമ്പനി പറഞ്ഞു.
പുതിയ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
* യാത്രക്കാർക്ക് 100Wh-ൽ താഴെയുള്ള (അതായത് 27,000 Mah വരെയുള്ള) ഒരു പവർ ബാങ്ക് കൈവശം വയ്ക്കാം
*വിമാനത്തിനുള്ളിൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ കഴിയില്ല.
*വിമാനത്തിലെ പവർ സപ്ലൈ ഉപയോഗിച്ച് യാത്രക്കാർക്ക് പവർ ബാങ്കുകൾ റീചാർജ് ചെയ്യാൻ അനുവാദമില്ല.
*എല്ലാ പവർ ബാങ്കുകളും അവയുടെ ശേഷി (എത്ര Mah അല്ലെങ്കിൽ എത്ര Wh എന്നത്) സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കണം.
*പവർ ബാങ്കുകൾ സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണം.
*ചെക്ക്ഡ് ബാഗേജിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു.
എമിറേറ്റ്‌സിന്റെ വിമാനങ്ങളിൽ ഇതിനകം തന്നെ എല്ലാ സീറ്റിലും യാത്രക്കാരുടെ സൗകര്യർത്ഥം ചാർജിങ് പോർട്ടുകൾ നൽകിയിട്ടുണ്ട്. യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഉപകരണങ്ങൾ പൂർണ്ണമായും ചാർജ് ചെയ്യുന്നത് യാത്ര കൂടുതൽ സുഖകരമാക്കുമെന്ന് കമ്പനി വ്യക്തമാക്കി.
എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ നിരോധിച്ചത് എന്തുകൊണ്ട്?
* വ്യോമയാന വ്യവസായത്തിലുടനീളം ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകട സംഭവങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം പോർട്ടബിൾ ചാർജറുകളുടെ ഉപയോഗവും വർദ്ധിച്ചുവരുന്നുണ്ടെന്ന് എയർലൈൻ കമ്പനി പറഞ്ഞു.
* സാധാരണയായി ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുകൾ, കേടുപാടുകൾ സംഭവിച്ചാലോ അമിതമായി ചാർജ്ജ് ചെയ്‌താലോ തീപിടുത്തത്തിന് കാരണമാകാം.
ചില സംഭവങ്ങളിൽ, തെർമൽ റൺഎവേ (വർദ്ധിച്ച താപനില കൂടുതൽ സ്വയമേവ കൂടുതൽ താപനില വർദ്ധിപ്പിക്കുന്ന പ്രക്രിയ) എന്നറിയപ്പെടുന്ന അമിത ചൂടാകൽ, തീപിടിത്തം അല്ലെങ്കിൽ സ്ഫോടനത്തിന് കാരണമാകും.
വിമാനത്തിനുള്ളിൽ ഇവ ഉപയോഗിക്കുന്നത് നിരോധിക്കുകയും യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലങ്ങളിൽ ഇവ സൂക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ക്യാബിൻ ക്രൂവിന് വേഗത്തിൽ ഇതിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ നിബന്ധന എന്ന് എമിറേറ്റ്സ് പറഞ്ഞു.
സുരക്ഷയാണ് തങ്ങളുടെ പ്രധാന പ്രവർത്തന മുൻഗണനയെന്ന് എമിറേറ്റ്സ് വിശദീകരിച്ചു. ഓരോ സീറ്റിലും ബിൽറ്റ്-ഇൻ ചാർജിംഗ് ഓപ്ഷനുകൾ ഉപയോഗിച്ച് സുഖസൗകര്യങ്ങൾ നിലനിർത്തുന്നതിനൊപ്പം അപകടസാധ്യതകൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എയർലൈൻ കമ്പനി പറഞ്ഞു.



Be the first to comment