‘ഭൂമിയില്‍ പിറക്കാത്ത നിലവിളികള്‍ ദൈവം കേട്ടു, മാലാഖക്കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ഞങ്ങളോട് ക്ഷമിക്കട്ടേ’; വൈകാരിക കുറിപ്പുമായി രാഹുലിനെതിരായ ആദ്യ കേസിലെ പരാതിക്കാരി

അതിവൈകാരിക പ്രതികരണവുമായി രാഹുലിന് എതിരായ ആദ്യകേസിലെ പരാതിക്കാരി. ഭൂമിയില്‍ പിറക്കാത്ത നിലവിളികള്‍ ദൈവം കേട്ടെന്ന് രാഹുലിന്റെ അറസ്റ്റിന് ശേഷം പരാതിക്കാരി ഫേസ്ബുക്കില്‍ കുറിച്ചു. മാലാഖക്കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ഞങ്ങളോട് ക്ഷമിക്കട്ടേ എന്നും യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എല്ലാ വഞ്ചനകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വേദനകള്‍ക്കുമിടയിലും സ്വന്തം ബോധ്യങ്ങളിലൂന്നി മുന്നോട്ടുപോകാന്‍ ധൈര്യം നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അതിജീവിതയുടെ പോസ്റ്റ്. തെറ്റായ ആളെ തിരഞ്ഞെടുത്തതില്‍ കുഞ്ഞുങ്ങളോട് മാപ്പ് പറയുന്നതായും അതിജീവിത കുറിച്ചു.

അതിജീവിതയുടെ കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട ദൈവമേ,

എല്ലാ വഞ്ചനകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വേദനകള്‍ക്കുമിടയിലും സ്വന്തം ബോധ്യങ്ങളിലൂന്നി മുന്നോട്ടുപോകാന്‍ ധൈര്യം നല്‍കിയ ദൈവത്തിന് നന്ദി.

എന്താണ് നടന്നതെന്ന് അങ്ങേക്കറിയാം. ഞങ്ങളുടെ ശരീരങ്ങള്‍ കടന്നാക്രമിക്കപ്പെട്ടപ്പോള്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലമായി ഞങ്ങളില്‍ നിന്ന് പറിച്ചെടുത്തപ്പോള്‍, നീ ഞങ്ങളെ കൈവിട്ടില്ല. ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ഞങ്ങളോട് പൊറുക്കട്ടേ. പ്രത്യേകിച്ചും തെറ്റായ ഒരു മനുഷ്യനെ വിശ്വസിച്ചതിന്, അവരുടെ അച്ഛനാകാന്‍ ഒരിക്കലും യോഗ്യതയില്ലാത്ത ഒരുവരെ തിരഞ്ഞെടുത്തതിന് ഞങ്ങളോട് പൊറുക്കട്ടേ. ഭയമില്ലാതെ, ആക്രമണമില്ലാതെ, അവരെ സംരക്ഷിക്കാന്‍ കഴിയാതെ പോയ ലോകത്തില്‍ നിന്ന് ഒരുപാട് അകന്ന് അവരുടെ ആത്മാക്കള്‍ സമാധാനത്തോടെ വിശ്രമിക്കട്ടേ.

ഞങ്ങളുടെ കണ്ണീര്‍ സ്വര്‍ഗത്തെ തൊടുന്നുവെങ്കില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളോട് ഒരുകാര്യം മാത്രം പറയുന്നു. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ നിലനില്‍പ്പും നിങ്ങളുടെ ആത്മാവും വിലയുള്ളവയാണ്. അമ്മമാര്‍ നിങ്ങളെ ഹൃദയത്തിലെടുത്ത് നടക്കും. കുഞ്ഞാറ്റേ, അമ്മ ഈ ലോകത്തോളം നിന്നെ സ്‌നേഹിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*