ഹൈദരാബാദ്: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള 12 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഓഫ് സ്‌പിന്നർ ഷോയിബ് ബഷീറും സീമർ മാത്യു പോട്ട്‌സും ടീമിൽ ഇടം നേടി. ജനുവരി 4 മുതൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. മെൽബണിൽ നടന്ന പരമ്പരയിലെ നാലാം ടെസ്റ്റിൽ ഹാംസ്ട്രിംഗ് വേദനയെ തുടർന്ന് പുറത്തായ ഗസ് ആറ്റ്കിൻസണിന് പകരക്കാരനായാണ് പോട്ട്സ് ടീമിലെത്തുന്നത്. മത്സരത്തിന്‍റെ രണ്ടാം ദിവസം തന്‍റെ അഞ്ചാം ഓവർ പൂർത്തിയാക്കിയ ശേഷം വേദന കാരണം താരം കളം വിടുകയായിരുന്നു. സ്‌കാനിംഗിന് വിധേയനായപ്പോൾ, ഇടതു ഹാംസ്ട്രിംഗിന് പരിക്കേറ്റതായി സ്ഥിരീകരിച്ചു.
ഇംഗ്ലണ്ടിനെ സംബന്ധിച്ച്, പ്ലെയിങ് ഇലവനിൽ ഇടം നേടുന്നതിന് പോട്ട്സും ബഷീറും തമ്മിലുള്ള മത്സരം നിർണായകമാകും, പോട്ട്സിനെ ഉൾപ്പെടുത്തി പേസ് ആക്രമണം ശക്തിപ്പെടുത്താനോ പിച്ചിനെ ആശ്രയിച്ച് ടീമിൽ ഇല്ലാത്ത ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ സ്ഥാനം നികത്താനോ സാധ്യതയുണ്ട്. ഇന്ത‍്യക്കെതിരേ ജൂലൈയിൽ നടന്ന പരമ്പരയിലാണ് ഷോയിബ് അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കളിച്ചത്. സ്റ്റോക്സ്-മക്കല്ലം കാലഘട്ടത്തിൽ അരങ്ങേറ്റം കുറിച്ച പോട്ട്സ് ആദ്യ അഞ്ച് ടെസ്റ്റുകളിൽ 20 വിക്കറ്റുകൾ നേടിയിരുന്നു.
അതേസമയം, അഞ്ചാം ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ടീമിന്‍റെ സ്ഥിരം നായകനായ പാറ്റ് കമ്മിൻസിനെ പരമ്പരയിൽ നിന്ന് ഒഴിവാക്കി, സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. പരമ്പരയ്ക്ക് ശേഷം വിരമിക്കുന്ന ഉസ്മാൻ ഖവാജ ടീമിൽ സ്ഥാനം നിലനിർത്തി.
കാമറൂൺ ഗ്രീൻ ബാറ്റിൽ ബുദ്ധിമുട്ടുന്നതിനാൽ ടീമിലെ താരത്തിന്‍റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹരിക്കേൻസിനു വേണ്ടി കളിച്ചതിന് ശേഷം താരം ബ്യൂ വെബ്‌സ്റ്റർ സിഡ്‌നിയിൽ നടക്കുന്ന ടെസ്റ്റ് ടീമിൽ വീണ്ടും ചേരാൻ ഒരുങ്ങുകയാണ്. ആദ‍്യ മൂന്നു ടെസ്റ്റിലും ഓസീസിനോട് തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് നാലാം ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് നാലു വിക്കറ്റിന് വിജയിക്കാനായത്.
അഞ്ചാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം
ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, മാത്യു പോട്ട്സ്, ജോ റൂട്ട്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ജോഷ് ടോങ്.



Be the first to comment