‘പിണറായിയുടെ മകൻ ഇവിടെ വരാറേ ഇല്ല; വിവേക് കിരണിനെ വേട്ടയാടുന്നത് മുഖ്യമന്ത്രിയുടെ മകനായതുകൊണ്ട്’; ഇപി ജയരാജൻ

മുഖ്യമന്ത്രിയുടെ മകനായതുകൊണ്ടാണ് വിവേക് കിരണിനെ അനാവശ്യമായി വേട്ടയാടുന്നതെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. നാട്ടിൽ നിന്നാൽ ആക്ഷേപം വരും എന്നുള്ളത് കൊണ്ടാണ് വിദേശത്ത് പോയത്. ഇഡി ആർക്ക് നോട്ടീസ് അയച്ചുവെന്നും ഇതിന് രേഖ വേണ്ടേയെന്നും ഇപി ജയരാജൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകൻ ആയത് കൊണ്ട് സ്വന്തം അച്ഛനും അമ്മക്കും ഒപ്പം നിൽക്കാൻ കഴിയുന്നില്ലെന്നും അനാവശ്യമായി വേട്ടയാടുകയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ലാവ്‌ലിൻ കേസ് നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ മകന് പതിനൊന്ന് വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇപി ജയരാജൻ പറഞ്ഞു.

പേരാമ്പ്ര സംഘർഷത്തിൽ കെസി വേണു​ഗോപാലിനെ ഇപി ജയരാജൻ വിമർശിച്ചു. എന്ത് കണ്ടിട്ടാണ് കെ സി വേണുഗോപാൽ പോലീസുകാർക്കെതിരെ പറയുന്നത്. കുറിച്ചെടുത്ത പേരും പേപ്പറുമായി നടക്കാനെ കഴിയൂ. രാഹുൽ ഗാന്ധിക്കും, സോണിയ ഗാന്ധിക്കും ഒപ്പം അല്ലെ നടക്കുന്നത്. കെ സി വേണുഗോപാൽ കുറച്ച് നിലവാരം പുലർത്തണ്ടെയെന്ന് ഇപി ജയരാജൻ ചോദിച്ചു.

6 മാസം കഴിഞ്ഞാൽ എന്ത് ഉലക്കയാണ് ഉണ്ടാക്കാൻ പോകുന്നത്. പോലീസ് ശക്തമായ നിലപാട് സ്വീകരിച്ചില്ല. പേരാമ്പ്രയിൽ പല സ്ഥലത്തും റോഡിൽ വെച്ച് ബോംബ് പൊട്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പല സ്ഥലത്ത് നിന്ന് കുപ്പിച്ചിൽ എല്ലാം ലഭിച്ചത്. കെ സി വേണുഗോപാൽ നിലവാരം പുലർത്തണമെന്ന് ഇപി ജയരാജൻ ആവശ്യപ്പെട്ടു. പോലീസുകാരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പോലീസുകാർ അവരുടെ കൃത്യ നിർവഹണമാണ് നടത്തുന്നത്. ആറ് മാസം കഴിഞ്ഞാൽ കെസി വേണു​ഗോപാൽ കോൺഗ്രസിൽ ഉണ്ടാകുമോ എന്ന് ആർക്ക് അറിയാമെന്നും ഇപി ജയരാജൻ പരിഹസിച്ചു.

ഷാഫി പറമ്പിലിനെയും ഇപി ജയരാജൻ വിമർശിച്ചു. സൂക്ഷിച്ചു നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂവെന്നും അദേഹം പറഞ്ഞു. ഇവിടെ ഈ എംപി ഉണ്ടായത് നാടിന്റെ കഷ്ടകാലമാണെന്നും അഹംഭാവം ധിക്കാരം ഒക്കെ കോൺഗ്രസ്‌ ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും ഇപി ജയരാജൻ പറഞ്ഞു. പോലീസിന് നേരെ ആക്രമണം നടത്തിയാൽ അവർ ക്ഷമിക്കുമോ. നാടൻ ബോംബും പോലീസിനെതിരെ എറിഞ്ഞുവെന്ന് ഇപി ജയരാജൻ‌ ആരോപിച്ചു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. ക്രമസമാധാനം നിലനിർത്തിയതിനാണ് പോലീസിനെ കെ സി വേണുഗോപാൽ ഭീഷണിപ്പെടുത്തുന്നതെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*