മുംബൈ: തുടര്‍ച്ചയായ നാലാംദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. തദ്ദേശീയര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണി ഉയരാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇന്ന് ഏഷ്യന്‍ വിപണി നേട്ടത്തിലാണ്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രധാനമായി ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, അദാനി പോര്‍ട്‌സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് നഷ്ടം നേരിടുന്ന പ്രധാന കമ്പനികള്‍. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
അതിനിടെ അമേരിക്കന്‍ വിപണി ഇന്നലെ റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കൂടാതെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് കുറച്ചിട്ടുണ്ട്. ഇതും ഓഹരി വിപണിക്ക് അനുകൂലമാണെന്നും വിദഗ്ധര്‍ പറയുന്നു. തിങ്കളാഴ്ച സെന്‍സെക്‌സ് 582 പോയിന്റ് ആണ് മുന്നേറിയത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.31 ശതമാനം ഉയര്‍ന്നതോടെ, ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില 65.67 ഡോളര്‍ കടന്നിരിക്കുകയാണ്.



Be the first to comment