പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി. ‘ദി ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യൻ’ എന്ന ബഹുമതിയാണ് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി മോദിയ്ക്ക് സമ്മാനിച്ചത്. ഇതോടെ എത്യോപ്യയുടെ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ആഗോള രാഷ്ട്ര തലവനായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിക്ക് ലഭിക്കുന്ന 28-ാമത് വിദേശ പുരസ്‌കാരമാണ് എത്യോപ്യയുടെ പരമോന്നത ബഹുമതി.

ETHIOPIA HIGHEST HONOUR  ETHIOPIA HIGHEST CIVILIAN AWARD  PM MODI ETHIOPIA HIGHEST AWARD  ABIY AHMED ALI

ഇന്ത്യ-എത്യോപ്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനയ്ക്കും ആഗോള രാഷ്ട്രതന്ത്രജ്ഞൻ എന്ന നിലയിൽ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും എത്യോപ്യൻ പ്രധാനമന്ത്രി മോദിയെ ആദരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ത്രിരാഷ്‌ട്ര സന്ദർശനത്തിൻ്റെ ഭാഗമായുള്ള എത്യോപ്യൻ സന്ദർശനം ആരംഭിച്ചതിന് പിന്നാലെയാണ് ഈ പുരസ്‌കാരം മോദി ഏറ്റുവാങ്ങിയത്. എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിലെ അന്താരാഷ്‌ട്ര കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം മോദിക്ക് സമ്മാനിച്ചത്.

ലോകത്തിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ ഒരു നാഗരികതയിൽ നിന്ന് ആദരിക്കപ്പെടാൻ കഴിഞ്ഞത് വളരെയധികം അഭിമാനകരമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മോദി പ്രതികരിച്ചു.

“ബഹുമതി നൽകിയതിന് എത്യോപ്യയിലെ ജനങ്ങൾക്കും സർക്കാരിനും പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കും നന്ദി. വർഷങ്ങളായി രാജ്യ പങ്കാളിത്തത്തെ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്‌ത എണ്ണമറ്റ ഇന്ത്യക്കാർക്കുള്ളതാണ് ഈ ബഹുമതി. ആഗോളതലത്തിൽ വളർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനും പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും എത്യോപ്യയുമായി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി വിപുലമായ ചർച്ച നടത്തി. ഇന്ത്യ-എത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താനുള്ള തീരുമാനങ്ങൾ എടുത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് മൂന്ന് പ്രധാന ആശയങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മോദി എക്‌സിൽ കുറിച്ചു.

“ഭക്ഷ്യ സുരക്ഷയും ആരോഗ്യ സുരക്ഷയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സുസ്ഥിരമായ ജൈവകൃഷി, കാർഷിക സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം എന്നിവയെല്ലാം ഉൾപ്പെടുന്നു. കാർഷിക ശേഷി വർധിപ്പിക്കൽ, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ എണ്ണം ഇരട്ടിയാക്കൽ എന്നിവ ചർച്ച ചെയ്‌ത് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികൾ നിരവധി എത്യോപ്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കാനും യുവാക്കളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും സഹായിക്കും,” മോദി വ്യക്തമാക്കി.

2011 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എത്യോപ്യ സന്ദര്‍ശിക്കുന്നത്. എത്യോപ്യയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാൻ സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*