
മാന്നാനം: നിർമ്മാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ മുടങ്ങിയ മാന്നാനം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആഗസ്റ്റിൽ ആരംഭിക്കും.ഇതിനായി നാട്ടുകാരുടെ പങ്കാളിത്തത്തോടെ സംഘാടക സമിതി രൂപീകരിച്ചു. മാന്നാനം എൻഎസ്എസ് കരയോഗം ഹാളിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാന്നാനം – നീണ്ടൂർ – കല്ലറ റോഡിൽ പെണ്ണാർ തോടിന് കുറുകയാണ് മാന്നാനം പാലം. കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച പാലത്തിന് പകരം ഒരുവർഷം മുൻപ് പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.എന്നാൽ പാലത്തിനടിയിലുടെയുള്ള പെണ്ണാർതോട് ദേശീയ ജലപാതയിൽ ഉൾപ്പെട്ടതിനാൽ അതനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടായി.
ദേശീയ ജലപാതയുടെ മുകളിലൂടെയുള്ള പാലങ്ങൾക്ക് 41 മീറ്റർ നീളവും 12 മീറ്റർ വീതിയും ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരവുമുണ്ടായിരിക്കണം. എന്നാൽ നിർമ്മാണം ആരംഭിച്ച പാലത്തിന് 10 മീറ്റർ നീളവും 4 മീറ്റർ വീതിയുമായിരുന്നു. അതിനെ തുടർന്നാണ് പാലത്തിൻ്റെ നിർമ്മാണം നിലച്ചത്. മന്ത്രി വി എൻ വാസവന്റെ ഇടപെടലിനെ തുടർന്ന് ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ച് പാലം നിർമിക്കാൻ പുതിയ രൂപരേഖ സഹിതം അപേക്ഷ സമർപ്പിക്കുകയും പദ്ധതിക്ക് ജീവൻ വെക്കുകയുമായിരുന്നു.
24.83 കോടി രൂപ മുടക്കിയാണ് പുതുതായി പാലം നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം അധ്യക്ഷനായിരുന്നു.ഫാ. ജെയിംസ് മുല്ലശ്ശേരി, സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം
കെ എൻ വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ്,സിപിഐ ജില്ല കമ്മിറ്റിയംഗം അഡ്വ. ബിനു ബോസ്, മാന്നാനം എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് ജയപ്രകാശ് കെ നായർ, മാന്നാനം എസ്എൻഡിപി ശാഖ സെക്രട്ടറി കെ സജീവ് കുമാർ,ഫാ. സാബു മാലിതുരുത്തേൽ, ഫാ. ആൻ്റണി,അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡൻ്റ് പി വി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രദീപ് സ്വാഗതവും ബൈജു മാതിരമ്പുഴ നന്ദിയും പറഞ്ഞു.സംഘാടക സമിതി ഭാരവാഹികൾ : വി കെ പ്രദീപ് ( ചെയർമാൻ ),പി കെ ജയപ്രകാശ് ( കൺവീനർ ).
Be the first to comment