‘ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയിലര്‍ മാത്രം; ബ്രഹ്മോസിന്റെ റേഞ്ചിനുള്ളിലാണ് പാകിസ്താനിലെ ഓരോ ഇഞ്ച് സ്ഥലവും’; പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയിലര്‍ മാത്രമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്മോസില്‍നിന്ന് രക്ഷപ്പെടാന്‍ പാകിസ്താനായില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ബ്രഹ്മോസിന്റെ റേഞ്ചിനുള്ളിലാണ് പാകിസ്താനിലെ ഓരോ ഇഞ്ച് സ്ഥലവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിശ്വാസം കാത്ത മിസൈലാണ് ബ്രഹ്മോസെന്നും അദ്ദേഹം പറഞ്ഞു. യുപി ലക്‌നൗവിലെ ബ്രഹ്മോസ് യൂണിറ്റില്‍ നിര്‍മിച്ച മിസൈലുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

ഇന്ത്യയുടെ സൈനിക ശക്തി ‘വിജയം നമുക്കൊരു ശീലമായിരിക്കുന്നു’ എന്ന തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് മിസൈലുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

രാജ്യത്ത് സ്വയംപര്യാപ്ത പ്രതിരോധ നിര്‍മാണ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി വളര്‍ന്നുവരുന്ന തദ്ദേശീയ കരുത്തിന്റെ നേര്‍സാക്ഷ്യമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ഇന്നലെ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. പൂനെയില്‍ സിംബയോസിസ് സ്‌കില്‍സ് ആന്‍ഡ് പ്രൊഫഷണല്‍ സര്‍വകലാശാല വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ മേഖലയിലെ ഉത്പാദനം 46,000 കോടി രൂപയില്‍ നിന്ന് 1.5 ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെന്നും ഇതില്‍ ഏകദേശം 33,000 കോടി രൂപ സ്വകാര്യ മേഖലയുടെ സംഭാവനയാണെന്നും പ്രതിരോധ നിര്‍മാണ രംഗത്തെ യുവതയുടെ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 2029-ഓടെ പ്രതിരോധ നിര്‍മാണ മേഖലയില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ഉത്പാദന ലക്ഷ്യവും 50,000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യവും കൈവരിക്കാനാവുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*