വ്യാജ ആപ്പ് ഉപയോഗിച്ചുള്ള ‘സ്ക്രീൻഷോട്ട്’ കബളിപ്പിക്കൽ; കൊച്ചിയില്‍ യുപിഐ തട്ടിപ്പില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

എറണാകുളം: കൊച്ചി കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്. ഒരു യുവതി ഉൾപ്പെടെ അഞ്ചുപേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശികളായ റൂബിൻ, അജ്സൽ അമീൻ, മുഹമ്മദ് അനസ്, റുബീന, തിരുവനന്തപുരം സ്വദേശി വിശാഖ് എന്നിവരാണ് അറസ്റ്റിലായത്.

വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം യുപിഐയുടെ വ്യാജ ആപ്പ് ഉപയോഗിച്ച് പേയ്‌മെന്‍റ് നടത്തിയതായി സ്ക്രീനിൽ തെളിയുന്ന ചിത്രം കാണിച്ചായിരുന്നു തട്ടിപ്പ്. എന്നാൽ അക്കൗണ്ടുകളിൽ പണം എത്തിയിരുന്നില്ല. ഇവർ ലോഡ്‌ജുകളിൽ മുറിയെടുത്തും സമാന രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ട്. കളമശേരി എളമക്കര പ്രദേശത്തെ നിരവധി കടകളിൽ നിന്നായി വസ്ത്രങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ പ്രതികൾ വാങ്ങുകയായിരുന്നു.

സംശയം തോന്നിയ ഹോട്ടൽ ഉടമകളാണ് പ്രതികളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഇവർ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങിയശേഷം ബിൽ തുക യുപിഐ ഉപയോഗിച്ച് നൽകിയതായി ജീവനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെല്ലാം പിടിയിലായത്.

സാധാരണക്കാരായ വ്യാപാരികളെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിന് പ്രതികൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യാജ ആപ്പ് നിർമ്മിക്കുകയായിരുന്നുവെന്നാണ് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ വ്യക്തമാക്കിയത്. വലിയൊരു തട്ടിപ്പിലേക്ക് പോകുമായിരുന്ന സംഘത്തെയാണ് ആദ്യ ഘട്ടത്തിൽ തന്നെ പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാൻ കഴിയുകയുള്ളൂവെന്ന് എസിപി വ്യക്തമാക്കിയിരുന്നു.

സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ആലപ്പുഴയിലും യുപിഐ തട്ടിപ്പ് ശ്രമം റിപ്പോർട്ട് ചെയ്തിരുന്നു. ഹോട്ടലുകളും റിസോർട്ടുകളുമായിരുന്നു തട്ടിപ്പുസംഘം ലക്ഷ്യമിട്ടത്. ഫോൺ വഴി റൂമിനായി ബന്ധപ്പെടുകയും, അഡ്വാൻസ് തുക ആവശ്യപ്പെട്ടതിലും പതിനായിരത്തിലധികം രൂപ അയച്ചതായി യുപിഐ ഇടപാടിന്റെ സ്ക്രീൻഷോട്ട് അയക്കുകയുമായിരുന്നു. അഡ്വാൻസ് തുകയായ 2500-നു പകരം 12500 രൂപ തെറ്റായി അയച്ചുപോയെന്നും പതിനായിരം മടക്കി അയച്ചുതരണമെന്നുമായിരുന്നു ഇവർ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ഹോട്ടലുടമ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതോടെയാണ് പണം തട്ടാനുള്ള ശ്രമം പാളിയത്.

ഈ സംഭവത്തിൽ പോലീസ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കൊച്ചിയിൽ മറ്റൊരു യുപിഐ തട്ടിപ്പ് സംഘം പിടിയിലായത്. അടുത്തിടെയായി പല രീതിയുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും വ്യാജ യുപിഐ ആപ്പ് നിര്‍മിച്ചുള്ള തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അപൂര്‍വമായാണ്.

Be the first to comment

Leave a Reply

Your email address will not be published.


*