‘ ഞായറാഴ്ച വൈകിട്ട് ആ വീട്ടില്‍ എന്തോ നടന്നിട്ടുണ്ട് ‘; ജിസ്‌മോളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

ഏറ്റുമാനൂർ : നീറിക്കാട് അഭിഭാഷകയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപണവുമായി ജിസ്‌മോളുടെ കുടുംബം. ഭര്‍തൃവീട്ടില്‍ നിന്നും ക്രൂരമായ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റോയും പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഭര്‍തൃവീട്ടില്‍ നിന്നും മാനസിക പീഡനം ഉണ്ടായി എന്നാണ് അച്ഛന്‍ തോമസും സഹോദരന്‍ ജിറ്റോയും പറയുന്നത്. പലതവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചു. കുടുംബബന്ധം തകരാതിരിക്കാന്‍ വേണ്ടി അതെല്ലാം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാല്‍ ശാരീരിക പീഡനങ്ങള്‍ പോലും പിന്നീടുണ്ടായി. അതുകൊണ്ടു തന്നെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഇവര്‍ പറയുന്നത്.

അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. വിഷുദിവസമ മോളെ വിളിച്ചിരുന്നു. ഫോണ്‍ എടുത്തിരുന്നില്ല. വീട്ടില്‍ പ്രശ്‌നമുണ്ടായിരുന്നു. പറഞ്ഞ് തീര്‍ക്കുമായിരുന്നു. ഒരു ദിവസം തലയില്‍ ഒരു പാട് കണ്ടു. എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോള്‍ ആദ്യം കതകില്‍ ഇടിച്ചുവെന്നാണ് പറഞ്ഞത്. പിന്നീട് ഭര്‍ത്താവ് ഭിത്തിയില്‍ പിടിച്ച് ഇടിച്ചതാണെന്ന് പറഞ്ഞു. പപ്പ അവിടെ വന്ന് വഴക്കുണ്ടാക്കുമെന്ന് ഓര്‍ത്താണ് പറയാതിരുന്നതെന്നും പറഞ്ഞു. പപ്പ വിളിച്ചാല്‍ എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലെന്നും പറഞ്ഞു.

ഭര്‍ത്താവ് ജിമ്മിക്കെതിരെ മാത്രമല്ല ജിമ്മിയുടെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയും ആരോപണമുണ്ട്. നാണക്കേട് ഭയന്നാണ് ഗാര്‍ഹിക പീഡന വിവരം മകള്‍ പുറത്ത് പറയാതിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

ഞായറായ്ച വൈകുന്നേരം ആ വീട്ടില്‍ എന്തോ വലിയൊരു പ്രശ്‌നം നടന്നിട്ടുണ്ട്. അവര്‍ ചേച്ചിയെ മാനസികമായിട്ടോ എന്തോ ചെയ്തിട്ടുണ്ട്. അത് കണ്ടുപിടിക്കണം. ആ കുടുംബത്തിലുള്ള എല്ലാവര്‍ക്കും പങ്കുണ്ട്. ജിമ്മിയുടെ മൂത്തസഹോദരി എന്റെ ചേച്ചിയെ മാനസികമായി വല്ലാതെ തകര്‍ത്തിട്ടുണ്ട്. അമ്മ, ജിമ്മി തുടങ്ങി എല്ലാവര്‍ക്കും പങ്കുണ്ട് – സഹോദരന്‍ വ്യക്തമാക്കി.

മകള്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. വിദേശത്തായിരുന്ന അച്ഛന്‍ തോമസും സഹോദരനും ജിറ്റോയും ഇന്നാണ് നാട്ടിലെത്തിയത്. ബന്ധുക്കള്‍ എത്തിയ സാഹചര്യത്തില്‍ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മീനച്ചിലാറ്റില്‍ നീറിക്കാട് ഭാഗത്ത് മീന്‍ പിടിക്കുകയായിരുന്ന നാട്ടുകാരാണ് രണ്ട് കുട്ടികള്‍ ഒഴുകി വരുന്നത് കണ്ടത്. ഇവര്‍ കുട്ടികളെ ഉടന്‍ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നാലെ കുട്ടികളുടെ അമ്മയെയും പുഴയില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ണമ്പുര കടവിന് സമീപത്ത് നിന്നും ജിസ്‌മോളുടേതെന്ന് കരുതുന്ന സ്‌കൂട്ടറും കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിസ്‌മോളുടെയും മക്കളുടെയും ജീവന്‍ രക്ഷിക്കാനായില്ല.

Be the first to comment

Leave a Reply

Your email address will not be published.


*