കണ്ണൂരില്‍ കടബാധ്യതയെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. കീടനാശിനി കഴിച്ച് സ്വകാര്യ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം. മികച്ച കര്‍ഷകനുള്ള പുരസ്കാരമടക്കം നേടിയ കര്‍ഷകനായിരുന്നു ഏലിയാസ്.
ഫെബ്രുവരി 11ന് തന്റെ കൃഷിയിടത്തില്‍ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസ്, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ 39 വര്‍ഷമായി കൃഷിയെ മാത്രം ജീവിതോപാധിയായി കണ്ടിരുന്ന ഏലിയാസ്, നാട്ടിലെ അറിയപ്പെടുന്ന കര്‍ഷകനായിരുന്നു. മികച്ച കര്‍ഷകനുള്ള പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിട്ടുള്ള ഇദ്ദേഹം പത്തേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷി നടത്തിയിരുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയിലെ തിരിച്ചടികള്‍ ഏലിയാസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി മുപ്പത് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വിളനാശവും പച്ചക്കറികളുടെ വിലയിടിവും പ്രതിസന്ധി രൂക്ഷമാക്കി. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് വായ്പാ തിരിച്ചടവ് അസാധ്യമായതോടെയാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്കാരം നാളെ നടക്കും.



Be the first to comment