അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ കുടുംബത്തിലുണ്ടായ തർക്കത്തെത്തുടർന്ന് നാലുപേർ വെടിയേറ്റ് മരിച്ച സംഭവത്തിൽ കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. 51-കാരനായ വിജയ് കുമാർ തന്റെ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ചു കൊല്ലുകയായിരുന്നു. കൃത്യം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടത്. കുട്ടികളിലൊരാൾ സമയോചിതമായി പൊലീസിനെ വിവരം അറിയിച്ചതാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയത്.
വെള്ളിയാഴ്ച പുലർച്ചെ 2:30-ഓടെ അറ്റ്‌ലാന്റയുടെ പ്രാന്തപ്രദേശമായ ലോറൻസ്‌വില്ലിലെ ബ്രൂക്ക് ഐവി കോർട്ടിലായിരുന്നു സംഭവം. പ്രതിയായ വിജയ് കുമാറിന്റെ ഭാര്യ മീനു ഡോഗ്ര (43), ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാവർക്കും വെടിയേറ്റ നിലയിലായിരുന്നു. വെടിയൊച്ച കേട്ടതോടെ ഭയന്നോടിയ മൂന്ന് കുട്ടികൾ വീട്ടിലെ ഒരു അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നു. ഇതിനിടയിൽ വിജയ് കുമാറിന്റെ മകൻ ധൈര്യം സംഭരിച്ച് 911-ൽ വിളിച്ച് പോലീസിനോട് സഹായം അഭ്യർത്ഥിച്ചു. മിനിറ്റുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് കൊലപാതകങ്ങൾ കുട്ടികളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ ഇപ്പോൾ ബന്ധുക്കൾ ഏറ്റെടുത്തു.



Be the first to comment