അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മൂന്നാമത്തെ പീഡന പരാതിയിലെ അതിജീവിതയുടെ മൊഴിയിലും രാഹുലിന്റെ കൂട്ടാളിയായ ഫെനി നൈനാന്റെ പേര് ഉയർന്നു വന്നിരുന്നു.
ലൈംഗിക പീഡനത്തിനൊപ്പം സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്നുമുള്ള അതിജീവിതയുടെ മൊഴിയിലാണ് രാഹുലിന്റെ കൂട്ടാളിക്കെതിരായ പരാമർശം. അതിജീവിതയുടെ വാട്സാപ് ചാറ്റ് കൂടി ഫെനി നൈനാൻ പുറത്തുവിട്ടിരുന്നു. എന്നാൽ ഫെനി നൈനാന്റെ സൈബർ അധിക്ഷേപത്തിൽ അതിജീവിത തുറന്നടിച്ചു. ഇനിയും പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണ് തനിക്ക് നേരെയുള്ള അധിക്ഷേപമെന്നാണ് അതിജീവിതയുടെ ശബ്ദസന്ദേശം.
നേരത്തെ രാഹുലിനെതിരെ വന്ന പരാതിയിലെ അതിജീവിതയും ഫെനി നൈനാന് എതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിലെ വാദത്തിനിടെ പ്രോസിക്യൂഷന്റെ നിർണായക നീക്കം. അതിജീവിതയുടെ മൊഴിയെടുത്ത വീഡിയോ സിഡിയിലാക്കി കോടതിയിൽ ഹാജരാക്കി. ഓൺലൈൻ ആയി രഹസ്യമൊഴി രേഖപ്പെടുത്താൻ അതിജീവിത തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ മഹിള കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കനെ പോലീസ് അറസ്റ്റ് ചെയ്തു. നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് തിരുവനന്തപുരം സൈബർ പോലീസിന്റെ നടപടി.



Be the first to comment