ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ട നറുക്കെടുപ്പ് ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കും. കായികരംഗത്തെ പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യൻ സമയം രാത്രി 10:30 ന് നറുക്കെടുപ്പ് ആരംഭിക്കും. ഫിഫ ഡോട്ട് കോമിലും ഫിഫ യുട്യൂബ് ചാനലിലും നറുക്കെടുപ്പ് തത്സമയം കാണാനാവും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അടുത്തവർഷം ജൂൺ 11 മുതൽ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും.
ഗ്രൂപ്പുകൾ അന്തിമമായാല്‍, ഡിസംബർ 6 ന് വാഷിംഗ്ടണിൽ നടക്കുന്ന മറ്റൊരു പരിപാടിയിൽ ഫിഫ വേദികളും കിക്കോഫ് സമയങ്ങളും ഉൾപ്പെടെ പൂർണ്ണ ഷെഡ്യൂൾ പ്രസിദ്ധീകരിക്കും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആറ് തവണ പ്രീമിയർ ലീഗും ഒരു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവുമായ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ റിയോ ഫെർഡിനാൻഡ് നറുക്കെടുപ്പ് നടപടികൾ നയിക്കും. അവതാരകൻ സാം ജോൺസണും ഒപ്പമുണ്ടാകും.

നാഷണൽ ഫുട്ബോൾ ലീഗ് (NFL) ഇതിഹാസം ടോം ബ്രാഡി, ഏഴ് തവണ സൂപ്പർ ബൗൾ ചാമ്പ്യനായ ഐസ്-ഹോക്കി ഇതിഹാസം വെയ്ൻ ഗ്രെറ്റ്സ്കി, മേജർ ലീഗ് ബേസ്ബോൾ (MLB) താരം ആരോൺ ജഡ്ജ്, നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (NBA) ഹാൾ ഓഫ് ഫെയിമർ ഷാക്കിൾ ഒ’നീൽ, എൽഎ ലേക്കേഴ്സ്, മിയാമി ഹീറ്റ്, നാല് തവണ NBA ചാമ്പ്യനായ ഷാക്കിൾ ഒ’നീൽ, രണ്ട് തവണ സൂപ്പർ ബൗൾ ചാമ്പ്യനായ എലി മാനിംഗ് എന്നിവർ ഉൾപ്പെടെ വിവിധ സൂപ്പര്‍ കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ നാല് പോട്ടുകളിൽ പന്ത്രണ്ട് ടീമുകൾ വീതമാണുള്ളത്. നാല് പോട്ടുകളിലേയും ഓരോ ടീമുകൾ പന്ത്രണ്ട് ഗ്രൂപ്പുകളിൽ എത്തും. മികച്ച ഒമ്പത് ടീമുകളും മൂന്ന് സഹ-ആതിഥേയരും പോട്ട് വണ്ണിന്റെ ഭാഗമാകും. ആതിഥേയ രാജ്യങ്ങളായ മെക്സിക്കോ (ഗ്രൂപ്പ് എ), കാനഡ (ഗ്രൂപ്പ് ബി), യുഎസ്എ (ഗ്രൂപ്പ് ഡി) എന്നിവർക്ക് അവരുടെ ഗ്രൂപ്പുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലൻഡ്സ്, ബെൽജിയം, ജർമ്മനി എന്നിവരാണ് ഒന്നാം പോട്ടിലെ മറ്റു ടീമുകള്‍.
പ്ലേഓഫ് യോഗ്യതാ റൗണ്ടിൽ ഇതുവരെ തീരുമാനമായിട്ടില്ലാത്ത ആറ് ടീമുകളും പോട്ട് നാലിൽ ഇടം നേടിയിട്ടുണ്ട്. നാല് തവണ ചാമ്പ്യന്മാരായ ഇറ്റലി പ്ലേഓഫ് ടീമുകളിൽ ഉൾപ്പെടുന്നു, യോഗ്യത നേടിയാൽ പോട്ട് നാലിൽ എത്താം. അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാൻ പോട്ട് 3 ലും, ജോർദാനും കേപ് വെർഡെ പോട്ട് 4 ലും ഇടം നേടിയിട്ടുണ്ട്.

2026 ഫിഫ ലോകകപ്പ് പോട്ടുകൾ
- പോട്ട് 1: കാനഡ, മെക്സിക്കോ, യുഎസ്എ, സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ, നെതർലാൻഡ്സ്, ബെൽജിയം, ജർമ്മനി
- പോട്ട് 2: ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, ഉറുഗ്വേ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഇക്വഡോർ, ഓസ്ട്രിയ, ഓസ്ട്രേലിയ
- പോട്ട് 3: നോർവേ, പനാമ, ഈജിപ്ത്, അൾജീരിയ, സ്കോട്ട്ലൻഡ്, പരാഗ്വേ, ടുണീഷ്യ, ഐവറി കോസ്റ്റ്, ഉസ്ബെക്കിസ്ഥാൻ, ഖത്തർ, ദക്ഷിണാഫ്രിക്ക
- പോട്ട് 4: ജോർദാൻ, കേപ് വെർഡെ, കുറക്കാവോ, ഘാന, ഹെയ്തി, ന്യൂസിലാൻഡ്, നാല് യൂറോപ്യൻ പ്ലേഓഫ് വിജയികൾ, രണ്ട് ഇന്റർകോണ്ടിന്റല്‍ പ്ലേഓഫ് വിജയികൾ.



Be the first to comment