സംസ്ഥാന സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയായ സി എം റിസര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്. പദ്ധതിയുടെ ഭാഗമായി ഒരു ഗവേഷക വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം 1,20,000 രൂപ വീതമാണ് നല്‍കുന്നത്.
വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പിന്റെ ആദ്യ ഗഡു മന്ത്രി ആര്‍ ബിന്ദു വിതരണം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളുടെ സ്‌കോളര്‍ഷിപ്പുകളോ മറ്റു ഫെലോഷിപ്പുകളോ ലഭിക്കാത്തവരെയാണ് സി എം റിസര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്.
മാസം 10,000 രൂപ വീതം മൂന്നുവര്‍ഷത്തേക്കായി 3,60,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 2025 ജനുവരിയില്‍ പ്രവേശനം നേടിയ 143 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്റെ ആദ്യഗഡു വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെഗുലര്‍/ഫുള്‍ ടൈം ഗവേഷകരാണ് സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കള്‍.
ഒരു വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ് തുക രണ്ട് ഗഡുക്കളായാണ് നല്‍കുക. ഒരു വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ ജനുവരിയില്‍ പ്രവേശനം നേടിയ ബാച്ചും ജൂലൈയില്‍ പ്രവേശനം നേടിയ ബാച്ചും എന്നിങ്ങനെ രണ്ട് ബാച്ചായാണ് പരിഗണിക്കുക. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വിദ്യാര്‍ഥികളുടെ ആദ്യഗഡുവായ 60,000 രൂപ വീതമുള്ള സ്‌കോളര്‍ഷിപ് ഇന്ന് നല്‍കുമെന്നും മന്ത്രി അറിയിച്ചു.



Be the first to comment