ദേശീയ തലത്തിൽ പെൻഷൻ പദ്ധതി വേണം; മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഇന്ന് മുതൽ‌

രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം 4ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. 21ന് സമ്മേളനം സമാപിക്കും. സീനിയർ ജേണലിസ്റ്റ്‌സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് മാധ്യമസെമിനാർ, ഇന്റനാഷണൽ ഫോട്ടോപ്രദർശനം, ഐക്യദാർഡ്യ സമ്മേളനം തുടങ്ങി വിവിധപരിപാടികളും ഒരുക്കുന്നുണ്ട്. ​ഗസ്സയിൽ ജീവാർപ്പണം ചെയ്ത മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയായി കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫോട്ടോ എക്സിബിഷൻ നടത്തും.

ദേശീയസമ്മേളനം മുതിർന്നമാധ്യമപ്രവർത്തകരുടെ ഗുരുതരമായ പ്രശ്നങ്ങളെ സംബന്ധിച്ച വിശദമായ ചർച്ചകൾ നടത്തും. ദേശീയ തലത്തിലുള്ള ഒരു പെൻഷൻ പദ്ധതി, മെച്ചപ്പെട്ട ആരോഗ്യരക്ഷാ പദ്ധതി, ഇൻഷുറൻസ് സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയതലത്തിൽ പ്രചാരണ പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം കൊടുക്കും.

നിലവിൽ ഏതാനും സംസ്ഥാനങ്ങളിൽ വിരമിച്ച മാധ്യമപ്രവർത്തകർക്ക് പെൻഷൻ അനുവദിക്കുന്നുണ്ടെങ്കിലും കേരളവും ഗോവയും ഒഴിച്ച് ഒരിടത്തും മുഴുവൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാകുന്നില്ല. മിക്ക സംസ്ഥാനങ്ങളിലും അക്രഡിറ്റേഷനുള്ള റിപ്പോർട്ടർമാർക്ക് മാത്രമാണ് പെൻഷൻ കിട്ടുന്നത്. അതിൽ തന്നെയും ഒരു ഏകീകൃത സ്വഭാവവുമില്ല. നിലവിൽ 2,500 രൂപ മുതൽ 20,000 രൂപ വരെ വിവിധ സംസ്ഥാനങ്ങളിൽ പെൻഷൻ നൽകുന്നുണ്ട്. വിവിധ സംസ്ഥാന പെൻഷൻ സംവിധാനങ്ങൾ തമ്മിൽ വലിയ വിത്യാസങ്ങളുണ്ട്. അതിനാൽ എല്ലാ സംസ്ഥാനങ്ങളിലും അർഹതപ്പെട്ട എല്ലാ മാധ്യമപ്രവർത്തകർക്കും ഏറ്റവും ചുരുങ്ങിയത് 20,000 രൂപ പെൻഷനായി നൽകണമെന്ന് സമ്മേളനം ആവശ്യപ്പെടും.

ആരോഗ്യരക്ഷാ രംഗത്ത് കേരള സംസ്ഥാന സർക്കാരിന്റെ മെഡിസെപ്പ് പോലുള്ള പദ്ധതികളിൽ സംസ്ഥാന തലത്തിൽ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തണം. ദേശീയ തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള സി.ജി.എച്ച്.എസ് പദ്ധതി ആനുകൂല്യം അർഹതപ്പെട്ട മാധ്യമപ്രവർത്തകർക്ക് നൽകണം. മുതിർന്ന പൗരന്മാർക്കുള്ള വെട്ടിക്കുറച്ച ട്രെയിൻ യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും.

Be the first to comment

Leave a Reply

Your email address will not be published.


*