ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ച; കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്

ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് ഡൽഹിക്ക് തിരിക്കുന്നത്. സ്‌ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തും. 

ആദ്യഘട്ട സ്ഥാനാർഥി പട്ടിക വളരെ വേഗത്തിൽ തയാറാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. നേരത്തെ ഒരു ഘട്ടത്തിലുള്ള ചർച്ചകൾ പൂർത്തീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടു പോകുന്നത് കൊണ്ടാണ് അത് മാറ്റിവച്ചത്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ മധുസൂദൻ മിസ്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത് കാരണം ഫെബ്രുവരി 23ന് നടക്കാനിരുന്ന കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയും മാറ്റി വച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 35 മുതൽ 40 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ആലോചന.

അതിനിടെ, വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് കൊല്ലം ജില്ലയിൽ. രാവിലെ പത്തനാപുരത്ത് നിന്ന് ജാഥ പര്യടനം ആരംഭിക്കും. ഇതിന് മുന്നോടിയായി വിവിധ രംഗങ്ങളിൽ ഉള്ളവരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തും. ജില്ലയിൽ 10 നിയമസഭാ മണ്ഡലങ്ങളിലൂടെ പര്യടനം കടന്നുപോകും. സമാപന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് 7മണിക്ക് കൊല്ലം കന്റോൻമെന്റ് മൈതാനത്ത് വെച്ച് നടക്കും. ജാഥയ്ക്ക് ജില്ലയിൽ പൊലീസ് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ പ്രതിഷേധമുണ്ടായതിന് പിന്നാലെ ജില്ലയിലെ പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് ബോർഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രയിൽ പങ്കുചേരും.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള നിർണായക ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ജില്ലാ ഘടകങ്ങൾ സമർപ്പിച്ച പ്രാഥമിക പട്ടിക സെക്രട്ടേറിയറ്റ് വിശദമായി പരിശോധിക്കും. ഒന്നിലേറെ പേരുകൾ വന്നതും തർക്കമുള്ളതുമായ സീറ്റുകളിൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാകും സ്ഥാനാർത്ഥി നിർണയം. രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകുന്നതിനും ഇന്നത്തെ യോഗത്തിൽ ധാരണയാകും . കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിൽ ഉൾപ്പെടെ നിർണായകമായ തീരുമാനങ്ങളും ഇന്ന് ഉണ്ടാകും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും സീറ്റ് വച്ചു മാറ്റങ്ങളും യോഗം ചർച്ചചെയ്യും. സ്ഥാനാർത്ഥിപ്പട്ടികക്ക് അംഗീകാരം നൽകാൻ അടുത്തയാഴ്ച അവസാനം സംസ്ഥാന സമിതിയും ചേരും.

Be the first to comment

Leave a Reply

Your email address will not be published.


*