ന്യൂഡൽഹി: 2027ലെ ജനസംഖ്യ കണക്കെടുപ്പ് നടപടികൾ ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30 നും ഇടയിലുള്ള കാലയളവിൽ നടക്കും. കേന്ദ്ര സർക്കാർ ബുധനാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഒന്നാം ഘട്ടത്തിൻ്റെ കാലയളവ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ വീടുകളുടെ കണക്കെടുപ്പു എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ 30 ദിവസത്തെ കാലയളവിൽ നടക്കും.
രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് (പോപ്പുലേഷൻ എന്യൂമറേഷൻ) നടത്തും. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഭവന സെൻസസും 2027 ഫെബ്രുവരിയിൽ ജനസംഖ്യാ കണക്കെടുപ്പും നടത്തും. 30 ദിവസത്തെ ഭവന പട്ടികപ്പെടുത്തൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് 15 ദിവസത്തെ കാലയളവിൽ സ്വയം പട്ടികപെടുത്താനുള്ള ഓപ്ഷനും ഉണ്ടായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.
2021 ൽ നടക്കാനിരുന്ന സെൻസസ് പ്രക്രിയ പ്രവർത്തനങ്ങൾ കൊവിഡ്-19 മഹാമാരി കാരണം മാറ്റിവയ്‌ക്കുകയായിരുന്നു. ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി ഭവന സെൻസസിലൂടെ രാജ്യത്തുടനീളമുള്ള എല്ലാ വീടുകളെയും ക്രമാനുഗതമായി പട്ടികപ്പെടുത്തുകയാണ് ആദ്യ ഘട്ട പ്രവർത്തനം.
‘സ്വയം സാക്ഷ്യപ്പെടുത്തൽ’ (സെൽഫ് എന്യുമറേഷൻ) എന്ന ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. അത് 30 ദിവസത്തെ വീടുതോറുമുള്ള ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് 15 ദിവസത്തിനുള്ളിൽ നടത്തപ്പെടും” എന്ന് രജിസ്ട്രാർ ജനറലും സെൻസസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.
2027 ലെ സെൻസസ് ജനസംഖ്യാ കണക്കെടുപ്പ് ഘട്ടത്തിൽ ജാതി സർവേയും പൂർത്തിയാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി ജാതി വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ ശേഖരിക്കും. സെൻസസ് നടപടികൾക്കുള്ള ചോദ്യാവലികളെല്ലാം ഇതിനകം തയ്യാറാക്കി കഴിഞ്ഞു.
1881 നും 1931 നും ഇടയിൽ ബ്രിട്ടീഷുകാരാണ് അവസാനമായി സമഗ്രമായ ജാതി കണക്കെടുപ്പ് നടത്തിയത്. സ്വാതന്ത്ര്യലബ്‌ദ്ധിക്ക് ശേഷം നടത്തിയ എല്ലാ സെൻസസുകളിൽ നിന്ന് ജാതി ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയാണ് വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്താനുള്ള തീരുമാനം എടുത്തത്.
ഏകദേശം 30 ലക്ഷം എന്യൂമറേറ്റർമാർ നടത്തുന്ന ആദ്യത്തെ ഡിജിറ്റൽ സെൻസസിൽ, മികച്ച ഗുണനിലവാരമുള്ള ഡാറ്റ ഉറപ്പാക്കുന്നതിന് ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾക്ക് ലഭ്യമായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡാറ്റ ശേഖരിക്കും. 2011 ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 1,210.19 ദശലക്ഷമായിരുന്നു, അതിൽ 623.72 ദശലക്ഷം (51.54 ശതമാനം) പുരുഷന്മാരും 586.46 ദശലക്ഷം (48.46 ശതമാനം) സ്ത്രീകളുമാണ്.
രണ്ടു ഘട്ടങ്ങളിലായാണ് സെൻസസ് പൂർത്തിയാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സെൻസസ് നടപടികൾ വിശദീകരിച്ചിരുന്നത്.



Be the first to comment