ശർക്കരയിൽ നിന്നുള്ള ആദ്യത്തെ റം ; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി

പൂർണമായും ശർക്കരയിൽ നിന്ന് നിർമ്മിച്ച റം പുറത്തിറക്കി ചരിത്രത്തിന്റെ ഭാ​ഗമായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നായ അമൃത് ഡിസ്റ്റിലറീസ് എന്ന ദക്ഷിണേന്ത്യൻ കമ്പനി. കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റം ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേത് ആണ്.

ബെല്ല എന്നാണ് ശർക്കരയിൽ നിന്നുള്ള റമ്മിന് പേര് നൽകിയിരിക്കുന്നത്. സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും നിര്‍മ്മിക്കുന്ന പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമ്മിക്കുന്നതെന്ന് കമ്പനി പറയുന്നു. കന്നടയില്‍ ബെല്ല എന്നാല്‍ “ശർക്കര” എന്നാണര്‍ത്ഥം. ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ചാണ് ബെല്ല തയ്യാറാക്കുന്നത്.

1948 ല്‍ സ്ഥാപിച്ചതാണ് അമൃത് ഡിസ്റ്റിലറീസ്. ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ പിതാവ് എന്നാണ് അമൃത് ഡിസ്റ്റിലറി സ്ഥാപകന്‍ നീലകണ്‌ഠ റാവു ജഗ്ദലേ അറിയപ്പെടുന്നത്. ഇന്ത്യന്‍ പൈതൃകത്തോടും സംസ്കാരത്തോടും ഏറെ അബിനിവേശമുണ്ടായിരുന്ന അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്നെ, ശർക്കരയിൽ നിന്നുള്ള ഈ റം വികസിപ്പിച്ചെടുത്തിരുന്നു.

 എന്നാൽ അന്ന് ഇതിന് കര്‍ണ്ണാടക എക്സൈസ് നിയമപ്രകാരം സാധുത ലഭിച്ചില്ല. 2012ലാണ് ശര്‍ക്കര കൊണ്ട് സിംഗിള്‍ റം ഉണ്ടാക്കാനുള്ള ആദ്യത്തെ ലൈസന്‍സ് അമൃതിന് ലഭിച്ചത്. ഈ വര്‍ഷം ജൂലൈയിലാണ് കമ്പനി ആദ്യമായി ബെല്ല റം പരിചയപ്പെടുത്തുന്നത്. ഇന്ത്യൻ ശർക്കരയും കരീബിയൻ മോളാസസും യോജിപ്പിച്ച് 2013 ൽ ടൂ ഇൻഡീസ് റം എന്ന പേരില്‍ അമൃത് പുറത്തിറക്കിയ റം വിജയമായിരുന്നു.

 ഇന്ത്യയിലും യുഎസ്എയിലും ലഭ്യമായ ബെല്ലയുടെ വില ₹3,500 ആണ്. ആ​ഗോളതലത്തിൽ തന്നെ പ്രശസ്തമായ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കിക്ക് 2019 ൽ, “വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡും” സാൻ ഫ്രാൻസിസ്കോയിൽ നടന്ന 2019 ബാർട്ടെൻഡർ സ്പിരിറ്റ്സ് അവാർഡിൽ “വേള്‍ഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ” അവാർഡും ലഭിച്ചിട്ടുണ്ട്.

 ജപ്പാൻ, നെതർലാൻഡ്‌സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്വാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസ് അമൃത് സിംഗിൾ മാൾട്ട് വിസ്കി വിൽക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*