ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ പഴ്‌സ് തട്ടിപ്പറിച്ച തമിഴ്നാട് സ്വദേശിനികള്‍ക്ക് തടവുശിക്ഷ. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാര്‍വതി എന്നിവരെയാണ് ഒരു വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക ഒന്നാം സാക്ഷിയായ യാത്രക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

പുതിയ ക്രമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 304ാം വകുപ്പ് അനുസരിച്ചുള്ള പിടിച്ചുപറി കുറ്റത്തിനാണ് ശിക്ഷ. ഈ കുറ്റകൃത്യം പുതുതായി നിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ഈ വകുപ്പ് അനുസരിച്ചുള്ള കേരളത്തിലെ ആദ്യ വിധിയാണിത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നാലിലെ സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) ശ്വേത ശശികുമാറാണ് വിധി പ്രസ്താവിച്ചത്.

2025 ജൂലൈ ഒന്നിനാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്കുള്ള ബസ് അമ്പലംമുക്ക് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പേരൂര്‍ക്കടയില്‍ നിന്ന് കയറിയ പാലോട് സ്വദേശിയായ യാത്രക്കാരിയുടെ പഴ്സ് പ്രതികള്‍ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. പേരൂര്‍ക്കട പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്ന് തന്നെ പ്രതികളെ പിടികൂടി.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുള്ള പ്രതികള്‍ വിവിധ പേരും വിലാസവും ആണ് നല്‍കുന്നത്. ഇത്തരം കുറ്റകൃത്യം ചെയ്യുന്ന തമിഴ്നാട് സംഘത്തില്‍ പെട്ട പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയാണ് പതിവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*