കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. വിനീഷിനെ കണ്ടെത്താന്‍ അന്വേഷണ സംഘം കര്‍ണാടക പോലിസുമായി ബന്ധപ്പെട്ടു.
നേരത്തെ രക്ഷപ്പെട്ട സമയത്ത് വിനീഷിനെ പോലിസ് കണ്ടെത്തിയത് ധര്‍മ്മസ്ഥലയില്‍ വച്ചായിരുന്നു. അന്ന് അവിടെ വിനീഷിന് ആരെങ്കിലുമായും പരിചയമുണ്ടോ എന്നും ഇപ്പോള്‍ അവിടെ എത്താന്‍ സാധ്യതയുണ്ടോ എന്നതുമാണ് പരിശോധിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചാവും കേരള പോലിസ് കര്‍ണാടകയിലേക്ക് പോകുക.
ഡിസിപിയുടെയും മെഡിക്കല്‍ കോളജ് എസിപിയുടെയും സ്‌ക്വാഡുകളെ ഉള്‍പ്പെടുത്തി അന്വേഷണം നടക്കുന്നത്. അന്വേഷണസംഘം കണ്ണൂര്‍ ജയിലെത്തി പ്രതി വിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫോറന്‍സിക് വാര്‍ഡിലെ ശുചുമറിയുടെ ചുവരു തുരന്ന് ഇയാള്‍ രക്ഷപ്പെട്ടത്.
2021-ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത്. റിമാന്‍ഡിലായ വിനീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ 2022ലും കുതിരവട്ടത്തേക്ക് മാറ്റി. എന്നാല്‍ ഇവിടെ നിന്ന് ചാടിപ്പോയ ഇയാള്‍ പോലീസ് പിടിയിലായി. രണ്ടാഴ്ച മുന്‍പാണ് വിനീഷിനെ വീണ്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.



Be the first to comment