കുടവയര്‍ കുറയ്ക്കാന്‍ ഇങ്ങനെ നടക്കാം, 5 നടത്ത രീതികള്‍

കുടവയറു കുറയ്ക്കാൻ വെറുതെ നടന്നാല്‍ പോരാ, ഇങ്ങനെ നടക്കണം. ദിവസവുമുള്ള നടത്തത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നത്‌ പല തരത്തിലുള്ള പേശികള്‍ക്ക്‌ വ്യായാമം ഉറപ്പാക്കുകയും വേഗത്തില്‍ കുടവയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും. അതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്.

റക്കിങ്‌

തോളില്‍ ഭാരം തൂക്കി നടക്കുന്നതിനെയാണ്‌ റക്കിങ്‌ എന്ന്‌ പറയുന്നത്‌. ഭാരമുള്ളതെന്തെങ്കിലും ചുമന്ന് നടക്കുമ്പോൾ വേ​ഗത്തിൽ കലോറി കത്തിക്കാൻ കാരണമാകും ഇത് ശരീരത്തിലെ പേശികളുടെ പ്രവർത്തനം സജീവമാക്കാനും സഹായിക്കും. ഇതുവഴി കുടവയർ വേഗത്തില്‍ കുറയാന്‍ സഹായിക്കും. എന്നാൽ ഇങ്ങനെ ചെയ്യുമ്പോള്‍ തോളുകള്‍ക്ക്‌ അമിത സമ്മര്‍ദം നല്‍കുന്ന രീതിയില്‍ ഭാരം ചെലുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

വേഗത്തിലുള്ള നടത്തം

സാധാരണ നടത്തത്തേക്കാള്‍ ‌വേ​ഗത്തിൽ നടക്കുന്നത് കലോറി ഫലപ്രദമായി കത്തിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നടത്തത്തിന്റെ വേ​ഗത കൂടുന്നതനുസരിച്ച് കലോറി കത്തുന്നതും കൂടുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദിവസവും 30 മുതല്‍ 40 മിനിട്ട്‌ വരെ വേഗത്തില്‍ നടക്കുന്നത്‌ കുടവയര്‍ കുറയാന്‍ നല്ലതാണ്.

ഓട്ടവും നടത്തവും ഇടകലര്‍ത്താം

നടത്തവും മിതമായ വേ​ഗത്തിലുള്ള ഓട്ടവും ഇടകലർത്തി പരീക്ഷിക്കുന്നത് കുടവയർ കുറയ്ക്കാൻ ഫവപ്രദമാണ്. ഇത് പേശികള്‍ക്കും സന്ധികള്‍ക്കും ഓട്ടം മൂലം വരാവുന്ന സമ്മര്‍ദം കുറയ്‌ക്കാന്‍ ഈ ശൈലി സഹായിക്കും. ദീര്‍ഘദൂരം ഓടി ശീലമില്ലാത്ത തുടക്കക്കാര്‍ക്കും ഈ ശൈലി പിന്തുടരാം.

പിന്നോട്ടുള്ള നടത്തം

മുന്നോട്ടുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ കലോറി പിന്നോട്ട്‌ നടക്കുമ്പോഴാണ്‌ കുറയുകയെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടത്ത രീതിയിൽ ബാലന്‍സ്‌ നിലനിര്‍ത്താന്‍ കൂടുതല്‍ പരിശ്രമം ഇടേണ്ടതായി വരുന്നു. വേഗത്തിലുള്ള നടത്തം 4.3 മെറ്റബോളിക്‌ ഇക്വിവലന്റുകള്‍ (എംഇടി) കത്തിക്കുമ്പോള്‍ പിന്നോട്ടുള്ള നടത്തം 6 എംഇടി കത്തിക്കുമെന്ന്‌ അമേരിക്കന്‍ കോളജ്‌ ഓഫ്‌ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ ചൂണ്ടിക്കാട്ടുന്നു.

നോര്‍ഡിക്‌ നടത്തം

വടി കുത്തിയുള്ള നടത്തത്തെയാണ്‌ നോര്‍ഡിക്‌ നടത്തമെന്ന്‌ പറയുന്നത്‌. കാലുകള്‍ക്ക്‌ പുറമേ ശരീരത്തിന്റെ മുകള്‍ ഭാഗത്തിനും വ്യായാമം നല്‍കാന്‍ ഇത്‌ വഴി സാധിക്കും. സാധാരണ നടത്തത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ കലോറി കത്തിക്കാന്‍ നോര്‍ഡിക്‌ നടത്തം സഹായിക്കും. കഴുത്തിനും തോളുകള്‍ക്കുമുള്ള സമ്മർദം ലഘൂകരിച്ച്‌ ശരീരത്തിന്റെ പോസ്‌ചര്‍ മെച്ചപ്പെടുത്താനും നോര്‍ഡിക്‌ നടത്തം നല്ലതാണ്‌.

ശരീരത്തിലെ കൊഴുപ്പും എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുമെല്ലാം കുറയ്‌ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും നോര്‍ഡിക്‌ നടത്തം സഹായകമാണ്‌.

Be the first to comment

Leave a Reply

Your email address will not be published.


*