ഒമാനിലെ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശികളാണ് ഇവര്‍. നാലുകുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.

അപകടത്തില്‍ യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടിണ്ട്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പോവും പെരുന്നാളിന് യാത്ര പോയതായിരുന്നു. നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു.

മസ്കത്ത്, മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിൽ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യം നിലനിൽക്കുകയാണ്. വടക്കൻ ബത്തിനയിലെ അഖർ, ഷിനാസ് ഫലജ്, സുഹാർ എന്നിവിടങ്ങളിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങിൽ ആലിപ്പഴ വർഷവുമുണ്ടായി. കാലാവസ്ഥാ വ്യതിയാനം ക്രമേണ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

മസ്കത്തിൽ ശനിയാഴ്ച വൈകീട്ട് ഇടിമിന്നലിന്റെ അകമ്പടിയിൽ കനത്ത മഴയാണ് ലഭിച്ചത്. മസ്കത്ത്, സീബ്, ബൗഷർ, മത്ര തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴ അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മസ്കത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചിലയിടങ്ങളിൽ ഗതാഗത തടസ്സം നേരിടുകയും ചെയ്തു. പലയിടത്തും വാദികളിൽ പെട്ടെന്ന് ​ജലനിരപ്പുയർന്നതോടെ വാഹന യാത്രികർ കുടുങ്ങി.

സീബിലെ അൽ മുനാമ വാദി നിറഞ്ഞൊഴുകി. മബേല ഷമാലിയ്യയിൽ അണ്ടർ പാസ് അടക്കമുള്ള മേഖല വെള്ളക്കെട്ടിലായി. ബർക്കയിൽ വാദി അൽ ഖുവൈറാത്ത് നിറഞ്ഞൊഴുകിയതോടെ ​പ്രധാന റോഡിൽ ഗതാഗതം ഏതാനും മണിക്കൂർ സ്തംഭിച്ചു. വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മറ്റു റോഡുകളെ ആശ്രയിക്കേണ്ടി വന്നു.

സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ കനത്ത ഇടിമിന്നൽ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നാഷനൽ മൾട്ടി ഹസാർഡ് ഏർളി വാണിങ് സെന്ററർ മുന്നറിയിപ്പ് നൽകി. മസ്കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ്യ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന എന്നീ ഗവർണറേറ്റുകൾക്കു പുറമെ, തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ എന്നിവിടങ്ങളിലെ ചില മേഖലകളിലും കനത്ത മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

മഴയും ആലിപ്പഴ വർഷവും മൂലം റോഡിൽ കാഴ്ചപരിധി കുറയുകയും വാദികൾ നിറയുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സാഹചര്യം മാറുന്നതിനനുസരിച്ച് ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.

വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും റോഡിലൂടെ യാത്ര ചെയ്യുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മഴ സാഹചര്യം ഞായറാഴ്ചയും തുടരുമെന്നാണ് അറിയിപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*