
ലോകത്തിലെ ഏറ്റവും വലിയ അംബ്രല്ല ഓര്‍ഗനൈസേഷനായ ഫൊക്കാനയുടെ കേരളത്തിലെ ആദ്യ ത്രിദിന കണ്വെന്ഷന് കുമരകത്ത് നടക്കും. കോട്ടയത്തെ കുമരകം ഗോകുലം ഗ്രാന്‍ഡ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലാണ് ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ കണ്വെന്ഷന് നടക്കുക. 1983 ല്‍ സ്ഥാപിതമായ ഫൊക്കാനയ്ക്ക് നിലവില്‍ 105 ലധികം അംഗസംഘടനകളുണ്ട്. 10 ലക്ഷത്തിലേറെ നോര്‍ത്ത് അമേരിക്കന്‍ മലയാളികളെയാണ് സംഘടന പ്രതിനിധീകരിക്കുന്നത്. ആദ്യമായാണ് ഫൊക്കാന കേരളത്തിലൊരു ത്രിദിന കണ്വന്ഷന് നടത്തുന്നത്.അമേരിക്കന്‍ മലയാളികളുടെ സമ്മേളനം എന്നതിലുപരിയായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വേദിയാവുകയാണ് ഈ കണ്വന്ഷന്. ഇന്ത്യയില്‍ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവര്‍ക്ക് അവാര്‍ഡ് നല്കി ആദരിക്കുന്നുണ്ട്.മൂന്ന് ദിവസങ്ങളില്‍ അരങ്ങേറുന്ന ഈ മഹാസമ്മേളനത്തിന്റെ ആദ്യദിവസം ലഹരിക്കെതിരെയുള്ള വിളംബരത്തോടുകൂടിയാണ് തുടക്കം കുറിക്കുന്നത്.
കേരളത്തില്‍ പ്രതിവര്‍ഷം 1500 മുങ്ങിമരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഫൊക്കാനയും മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയും കൈകോര്‍ത്ത് നടപ്പാക്കിയ ഫൊക്കാന സ്വിം കേരള സ്വിം എന്ന ബോധവല്‍ക്കരണ പദ്ധതിയുടെ പരിസമാപ്തി എന്ന നിലയില്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിവസം വൈക്കം നഗരസഭയില്‍ നിന്ന് ഒന്നരമാസം നീണ്ടുനിന്ന പരിശീലനത്തില്‍ പങ്കെടുത്ത 148 കുട്ടികള്‍ കുമരകം ഗോകുലം റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ തങ്ങളുടെ കഴിവ് തെളിയിക്കും.
ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമര്‍ത്ഥരായ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പ് വിതരണവും ഉണ്ടായിരിക്കും. ഇത്തവണ 25 പേരാണ് അര്‍ഹരായിരിക്കുന്നത്. വിമന്‍സ് ഫോറം സെമിനാറിനിടയില്‍ സ്കോളര്‍ഷിപ്പ് തുകയായ 50000 രൂപ വീതം ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കും. പത്തനംതിട്ട ചിറ്റാറില്‍ ഫൊക്കാന വില്ലേജ് എന്ന ഏറെനാളത്തെ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെടും. 20 കുടുംബങ്ങള്‍ക്ക് വീട് നിര്മ്മിച്ചുനല്കുന്നതോടൊപ്പം അത്യാധുനികമായ ഇ-ലൈബ്രറി ഉള്‍പ്പെടുന്ന വായനശാലയും കളിസ്ഥലവും ഫൊക്കാന വില്ലേജില്‍ സജ്ജീകരിക്കും.
ഫൊക്കാനയും കേരള യൂണിവേഴ്സിറ്റിയുടെ സഹകരിച്ച് സാഹിത്യത്തെ പരിപോഷിക്കുക എന്ന ലക്ഷ്യത്തോടെ 42 വര്‍ഷങ്ങളായി നടത്തുന്ന ഭാഷയ്ക്കൊരു ഡോളറിലെ വിജയിക്ക് പുരസ്കാരം സമ്മാനിക്കും.കൂടാതെ സാഹിത്യ സമ്മേളനം, സാഹിത്യ അവാര്‍ഡുകള്‍, സാംസ്കാരിക അവാര്‍ഡുകള്‍, ബിസിനസ്സ് സെമിനാറുകള്‍, ബിസിനസ്സ് അവാര്‍ഡുകള്‍, വിമെന്‍സ് ഫോറം സെമിനാര്‍ എന്നിവയും ഉണ്ടായിരിക്കും.അമേരിക്കയിലെയും കേരളത്തിലെയും ബിസിനസുകാരുടെ ഉന്നമനത്തിനായി ഫൊക്കാന ബിസിനസ് സമ്മിറ്റും നടത്തുന്നുണ്ട്. ഫൊക്കാനയുമായി കൈകോര്‍ത്തുകൊണ്ട് ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സൊസൈറ്റി കാലില്ലാത്ത 64 പേര്‍ക്ക് കൃത്രിമ കാലുകള്‍ വിതരണം ചെയ്യും.ഫൊക്കാനയുടെ മാധ്യമ സെമിനാറില്‍ കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഫൊക്കാനയുടെ ഏറ്റവും അഭിമാനകരമായ രണ്ട് പദ്ധതികളാണ് ഫൊക്കാന മെഡിക്കല്‍ കാര്‍ഡ്, പ്രിവിലേജ് കാര്‍ഡ് എന്നിവ. ഫൊക്കാന കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായും ( സിയാല്‍) തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്പ്പോര്ട്ടുമായും ചേര്‍ന്ന് നടപ്പാക്കുന്ന ഫൊക്കാന പ്രിവിലേജ് കാര്‍ഡ്,നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് ഫൊക്കാന നല്കുന്ന സ്നേഹസമ്മാനമാണ്. ഇതിന്റെ വിതരണം സമ്മേളനത്തിന് അനുബന്ധമായി നടക്കും. കേരളത്തിലെ ആറു സുപ്രധാന ആശുപത്രികളെ ഉള്‍ക്കോള്ളിച്ചുകൊണ്ടുള്ള ഫൊക്കാന മെഡിക്കല്‍ കാര്‍ഡും വിതരണം ചെയ്യും. ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്കും ഈ കാര്‍ഡ് ഉപയോഗിച്ച് ആനുകൂല്യം ലഭിക്കും. മൂന്നാം ദിവസം വേമ്പനാട്ടുകായലിലൂടെയുള്ള ഉല്ലാസയാത്രയോടെ ആയിരിക്കും കണ്വന്ഷന് സമാപിക്കുന്നത്.
Be the first to comment