ആരോഗ്യകരമായ ഭക്ഷണം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അവരുടെ സ്വാഭാവിക വികാസത്തെയും ദീർഘകാല ആരോഗ്യത്തെയും പിന്തുണയ്ക്കും. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ കുട്ടികളെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് നയിക്കുന്നു. ഇത് കുഞ്ഞു പ്രായത്തിലെ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങീ വിട്ടുമാറാത്ത പല അവസ്ഥകൾക്ക് കാരണമാകുന്നു. അതിനാൽ കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നതും ദൈനംദിന ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കേണ്ടതുമായ 5 ഭക്ഷണപാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങളിൽ പോഷകങ്ങൾ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല കലോറി ഉപഭോഗം വർധിപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നു. അമിത അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുട്ടികളിൽ ദന്തപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഭാവിയിൽ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടന്നുള്ള മാറ്റങ്ങൾ, ക്ഷോഭം, ക്ഷീണം, മാനസികാവസ്ഥയിൽ മാറ്റങ്ങൾ തുടങ്ങിയവയ്ക്കും കരണമുകുന്നു. അതിനാൽ സോഡാ, ജ്യൂസുകൾ, ഫ്ലേവർ ചേർത്ത പാൽ എന്നിവ ഉൾപ്പെടെ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക.
സംസ്‌കരിച്ച മാസം
സംസ്‌കരിച്ച മാസത്തിൽ പൂരിത കൊഴുപ്പുകൾ, സോഡിയം, നൈട്രേറ്റുകൾ, നൈട്രൈറ്റുകൾ തുടങ്ങിയവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം വർധിക്കാൻ ഇടയാക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തേക്കാം. നൈട്രേറ്റുകളും നൈട്രൈറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കുഞ്ഞുങ്ങൾക്ക് സംസ്‌കരിച്ച മാസം നൽകുന്നത് ഒഴിവാക്കാം.
ഫ്ലേവർഡ് തൈര്
തൈര് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. എന്നാൽ വ്യത്യസ്‌ത രുചികളിലുള്ള തൈര് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇവയിൽ പഞ്ചസാരയും കൃത്രിമ രുചികളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ചില ബ്രാൻഡുകളുടെ ഏറ്റവും ചെറിയ കണ്ടെയ്‌നറുകളിൽ ഒരു ദിവസം കഴിക്കാവുന്നതിനേക്കാൾ കൂടുതൽ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പതിവായി ഇത് കഴിക്കുന്നത് പൊണ്ണത്തടി, പല്ല് ക്ഷയം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമാകും. അതിനാൽ കുട്ടികൾക്ക് ഫ്ലേവർഡ് തൈരിന് പകരം പ്ലെയിൻ തൈര് കൊടുക്കാൻ ശ്രദ്ധിക്കാം.
പായ്ക്ക്ഡ് സ്‌നാക്‌സ്
ഉരുളക്കിഴങ്ങ് ചിപ്‌സ്, ചീസ്, പഫ്‌സ് തുടങ്ങീ പാക്ക് ചെയ്‌ത ലഘുഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയിൽ പോഷകങ്ങൾ തീരെ കുറവുമാണ്. പതിവായി ഇത്തരം ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കരണമാകുമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു. കൂടാതെ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഒഴിവാക്കാനും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരാനും ഇത് ഇടയാക്കും.
മൈക്രോവേവ് പോപ്‌കോൺ
പോപ്‌കോൺ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്. എന്നാൽ പല വാണിജ്യ ബ്രാൻഡുകളിലും സോഡിയം, കൃത്രിമ സുഗന്ധങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അമിത അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കും. മൈക്രോവേവ് പോപ്‌കോൺ അൾട്രാ-പ്രോസസ്‌ഡ് ഭക്ഷണമായതിനാൽ തന്നെ ഇതിന്‍റെ അമിത ഉപഭോഗം കുട്ടികളിലും കൗമാരക്കാരിലും വീക്കം, ഉയർന്ന ശരീരഭാരം, ഉയർന്ന കൊളസ്ട്രോൾ അളവ് എന്നിവയ്ക്ക് കാരണമാകുന്നു.



Be the first to comment