‘ക്രൈസ്‌തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് സർക്കാരിൻ്റെ മൗനാനുവാദം’: നാഗ്‌പൂരിലെ മലയാളി വൈദികരുടെ അറസ്റ്റിൽ അപലപിച്ച് സിഎസ്ഐ സഭ

കോട്ടയം: മത പരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ അപലപിച്ച് സിഎസ്ഐ സഭ. ക്രൈസ്‌തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് സർക്കാരിൻ്റെ മൗനാനുവാദമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ആരോപിച്ചു.”ഗ്രാമാന്തരങ്ങളിലെ ജനങ്ങളുടെ സാമൂഹ്യ ഉന്നമനത്തിന് പ്രവർത്തിക്കുന്നത് ക്രൈസ്‌തവരാണെന്നത് വസ്‌തുയാണ്. ക്രിസ്‌മസ് കാലത്ത് ക്രൈസ്‌തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടിടും ഭരണാധികാരികൾ ചെവി കൊണ്ടില്ല. ഭരണഘടന അനുവദിക്കുന്ന സ്വതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെടുന്നു”, ഡോ മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്‌ട്ര ഷിംഗോഡിയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി ക്രൈസ്‌തവ പുരോഹിതനും ഭാര്യയും അടക്കമുള്ള ആറുപേരെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്‌തത്. സിഎസ്ഐ നാഗ്‌പൂർ മിഷനലെ ഫാ. സുധീർ, ഭാര്യ ജാസ്‌മിൻ, നാട്ടുകാരായ മറ്റ് നാലുപേർ എന്നിവരാണ് അറസ്റ്റിലായത്.

നാഗ്‌പൂരിൽ മത പരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയുമടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്‌തതിൽ പ്രതികരിക്കുന്ന സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ 

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് വൈദികനെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സിഎസ്ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചിരുന്നു. സംഘപരിവാർ സംഘടനയായ വിശ്വ ഹിന്ദുപരിഷത്തിൻ്റെ യുവജന വിഭാഗമായ ബജ്‌റംഗ്‌ദൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി എന്നാണ് ആരോപണം. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഫാ. സുധീറിനെയും സംഘത്തെയും അറസ്റ്റ് ചെയ്‌തതെന്നും ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വിവിധ വൃത്തങ്ങൾ പറഞ്ഞു.

മത പരിവർത്തനം ആരോപിച്ചുള്ള അറസ്റ്റുകൾ

2025 ജൂലൈയിലാണ് മതപരിവർത്തനം ആരോപിച്ച് ഛത്തീസ്‌ഗഡിൽ നിന്ന് മലയാളികളായ രണ്ട് കന്യാസ്‌ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സിസ്‌റ്റർ പ്രീതി, സിസ്‌റ്റർ വന്ദന എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സംഭവം ദേശീയ തലത്തിൽ ചർച്ചയായിരുന്നു.

കന്യാസ്‌ത്രീകളുടെ അറസ്‌റ്റിനെ അനുകൂലിച്ച് ബജ്‌റംഗ്‌ദള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരം നടപടികൾ ന്യൂനപക്ഷ വേട്ടയാണെന്ന വിമര്‍ശനവുമായി കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളും ക്രൈസ്‌തവ സാമുദായിക സംഘടനകളും രംഗത്ത് എത്തിയിരുന്നു.

എന്നാൽ നവംബർ മാസത്തിലാണ് ഛത്തീസ്‌ഗഡിൽ മത പരിവർത്തനം ആരോപിച്ച് സംഘർഷമുണ്ടായത്. ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്‌ദള്‍, ബിജെപി നേതാക്കളും ഹിന്ദു സംഘടനകളിലെ അംഗങ്ങളും ക്രൈസ്‌തവ പുരോഹിതനെ ക്രൂരമായി മര്‍ദിച്ചെന്നൈയിരുന്നു പരാതി. ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടായിരുന്നു ഹിന്ദുത്വ അനുകൂല സംഘടനയിലെ പ്രവര്‍ത്തകര്‍ പാസ്‌റ്ററേയും അവിടെ ഒത്തുകൂടിയ ക്രൈസ്‌തവ വിശ്വാസികളെയും ആക്രമിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*