ഉല്പാദനവും വിൽപനയും അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഫോഡ് തിരിച്ചുവരവിനൊരുങ്ങുന്നു. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികളിലേക്ക് കമ്പനി കടന്നതായി വിവരം. 2029 ൽ പ്ലാന്റ് പൂർണ രീതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2024 സെപ്റ്റംബറിലെ ഒരു ലെറ്റർ ഓഫ് ഇന്റന്റിന്റെ അടിസ്ഥാനത്തിൽ കമ്പനി തമിഴ്‌നാട് സർക്കാരുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. 600-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ പദ്ധതിയിൽ ഫോർഡ് 3,250 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നത്. സൈറ്റ് തയ്യാറാക്കലും നിക്ഷേപ പ്രവർത്തനങ്ങളും ഈ വർഷം അവസാനത്തോടെ ചെന്നൈ പ്ലാന്റിൽ ആരംഭിക്കും.
പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന എഞ്ചിനുകൾ പ്ലാന്റിൽ നിർമ്മിക്കും. “ഫോർഡിന്റെ നിർമ്മാണ ശൃംഖലയിൽ ചെന്നൈ പ്ലാന്റിന്റെ നിർണായക പങ്ക് വലുതാണ്. ഞങ്ങളുടെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഫോർഡ് മോട്ടോർ കമ്പനിയുടെ ഇന്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജെഫ് മാരെന്റിക് പറഞ്ഞു.
തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി.ആർ.ബി രാജ ഫോർഡിന്റെ മടങ്ങിവരവ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഫോർഡിന്റെ തീരുമാനം സംസ്ഥാനത്തിന്റെ ശക്തമായ നിർമ്മാണ വ്യവസ്ഥയെയും വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മറൈമലൈനഗറിൽ 350 ഏക്കറിലെ പ്ലാന്റാണ് ഫോഡിനുള്ളത്. ഇന്ത്യയിൽ നിലവിലുള്ള ഉപഭോക്താക്കൾക്ക് സർവീസ് സപ്പോർട്ട്, ആഫ്റ്റർ മാർക്കറ്റ് പാർട്‌സ്, വാറന്റി സേവനങ്ങൾ എന്നിവ കമ്പനി നൽകുന്നത് തുടരുന്നുണ്ട്.
തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. നഷ്ടം കുമിഞ്ഞുകൂടിയതും വളർച്ചയുടെ അഭാവവും മൂലവുമാണ് 2021-ൽ ഫോഡ് ഇന്ത്യ വിട്ടത്. സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യ വിട്ടത്.



Be the first to comment