
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. രോഹിത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു അനുഗ്രഹമായി കാണുന്നുവെന്നാണ് ദ്രാവിഡ് പറഞ്ഞത്. രോഹിത് ഏറ്റവും മികച്ച നായകനാണെന്നും ടീമിൽ നല്ല മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘രോഹിത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഈ രണ്ടര വർഷത്തിനുള്ളിൽ, അദ്ദേഹം ഒരു മികച്ച നേതാവാണെന്ന് ഞാൻ ഉറപ്പിച്ചു. ആളുകളെ തന്നിലേക്കും ടീമിലേക്കും ശരിക്കും ആകർഷിക്കാൻ രോഹിത്തിന് കഴിഞ്ഞു. അത് വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നു. വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും അടക്കം ഒരുപാട് സൂപ്പർതാരങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ കളിച്ചു. എന്നാൽ അവർക്കിടയിൽ പ്രശ്നങ്ങളോ ഈഗോയോ ഇല്ല.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും രോഹിത്തിന് സാധിച്ചു’, ദ്രാവിഡ് പറഞ്ഞു. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന താരമാണ് രോഹിത് ശര്‍മ്മ. ഏകദിനത്തിലും ടി20യിലുമായി 14,846 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
ഇതില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയും 33 സെഞ്ച്വറികളും 87 അര്‍ദ്ധ സെഞ്ച്വറിയും അടങ്ങിയിട്ടുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക പദവി ഒഴിഞ്ഞത്. 11 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ചാണ് 2024 ടി20 ലോകകപ്പ് ജേതാക്കളായത്.
Be the first to comment