‘കോണ്‍ഗ്രസ് കളത്തില്‍ മൂന്ന് മുന്‍ എംഎല്‍എമാര്‍’; കട്ടപ്പന നഗരസഭയിലേക്ക് ഇഎം ആഗസ്തി

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കെഎസ് ശബരിനാഥനും അനില്‍ അക്കരയ്ക്കും പുറമെ മറ്റൊരു മുന്‍ എംഎല്‍എയെക്കൂടി കളത്തിലിറക്കി കോണ്‍ഗ്രസ്. എഐസിസി അംഗവും പീരുമേട്, ഉടുമ്പന്‍ ചോല മുന്‍ എംഎല്‍എയുമായ ഇഎം ആഗസ്തിയാണ് കട്ടപ്പന നഗരസഭയിലേക്ക് ഇരുപതേക്കര്‍ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്നത്.

1991 ലും 1996 ലും ഉടുമ്പുന്‍ചോലയില്‍ നിന്നും 2001ല്‍ പീരുമേട്ടില്‍ നിന്നുമാണ് ഇഎം ആഗസ്തി നിയസഭയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎം മണിക്കെതിരെ ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ടതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തിയുടെ വെല്ലുവിളി. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആഗസ്തി മൊട്ടയടിച്ച ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

ഇടുക്കി ഡിസിസി മുന്‍ അധ്യക്ഷനാണ്. 2006ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കട്ടപ്പന നഗരസഭ അധ്യക്ഷസ്ഥാനം ഇത്തവണ ജനറലാണ്. നിലവില്‍ യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. വടക്കഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്. നേരത്തെ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു അനില്‍ അക്കര. തിരുവനന്തപുരം നഗരസഭയിലെ മേയര്‍ സ്ഥാനാര്‍ഥിയാണ് കെഎസ് ശബരിനാഥന്‍. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ കവടിയാറില്‍ നിന്നാണ് ജനവിധി തേടുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*