തിരുവനന്തപുരം: കോൺഗ്രസിന്റെ സമുന്നത നേതാവായ സോണിയാഗാന്ധി കളങ്കിതനായ ഒരാളെ വീട്ടിലേക്ക് വിളിച്ചു കയറ്റുമെന്ന് താന്‍ കരുതുന്നില്ല എന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരുടെ കാര്യവും താന്‍ പറഞ്ഞിട്ടില്ല. അന്ന് സോണിയക്കൊപ്പമുള്ള പോറ്റിയുടെ ചിത്രത്തിൽ കേരളത്തിൽ നിന്നുള്ള ചില കേൺഗ്രസ് എംപിമാരുമുണ്ടായിരുന്നു. അവരുടെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ താന്‍ കണ്ടത് സ്വാഭാവികമായ കാര്യമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ നേതാക്കന്മാര്‍, പ്രത്യേകിച്ചും മുന്‍ മന്ത്രിയായ താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെയ്ക്കുമ്പോള്‍, സ്വാഭാവികമായും അതിനുള്ള എതിര്‍ ചിത്രങ്ങളും വരാന്‍ സാധ്യതയുണ്ട്. സോണിയാഗാന്ധിയുമായി ഒപ്പം നില്‍ക്കുന്ന ചിത്രത്തിന്റെ കാര്യമേ പറഞ്ഞുള്ളൂ. സോണിയാഗാന്ധി വിളിച്ചു കയറ്റിയതാണോ, കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ പോറ്റിയെ കൊണ്ടുപോയതാണോ എന്നുള്ള കാര്യമൊന്നും പറഞ്ഞിട്ടില്ല.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയത് താന്‍ സമ്മതിച്ചിട്ടുള്ള കാര്യമാണ്. ആ ചിത്രത്തില്‍ എന്താണ് ഉള്ളത്?. പോറ്റിയും ഭാര്യയും സഹോദരിയും അമ്മയും അടക്കമുള്ള കുടുംബാംഗങ്ങളുണ്ട്. എട്ടു വര്‍ഷം മുമ്പ് നടന്ന ചടങ്ങ് എന്താണെന്ന് ഓര്‍മ്മയില്ല എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞാന്‍ വിചാരിച്ചിരുന്നത് ഒരു ചെറിയ കുട്ടിയെ ചടങ്ങാണെന്നാണ്. എന്നാല്‍ അപ്പൂപ്പന്റെ ഫംഗ്ഷനാണ് നടന്നതെന്ന് ഒരു ചാനല്‍ പുറത്തുവിട്ട ഫോട്ടോ കണ്ടപ്പോഴാണ് മനസ്സിലായത്. പോറ്റിയുടെ അച്ഛന്റെ നവതിയാണോ എന്നൊന്നും അറിയില്ല. ആ ചടങ്ങിന് അന്നത്തെ പോറ്റി ക്ഷണിക്കുകയായിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു.
2025 ല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വരുന്നതു വരെ, ശരിയായ ഭക്തന്‍ എന്ന നിലയില്‍ മാത്രമാണ് പോറ്റിയെ കണ്ടിട്ടുള്ളത്. മന്ത്രിയെന്ന നിലയില്‍ ശബരിമലയില്‍ പല തവണ പോയപ്പോള്‍ അവിടെ വെച്ച് പോറ്റിയെ കണ്ടിട്ടുണ്ട്. ക്ഷേത്രസന്നിധിയില്‍ വെച്ച് സംസാരിച്ചിട്ടുണ്ട്. അതിലൊന്നും യാതൊരു പ്രശ്‌നവുമില്ല. സോണിയാഗാന്ധിയെപ്പോലൊരു വ്യക്തിത്വം കളങ്കിതനായ ഒരു വ്യക്തിയെ വീട്ടില്‍ വിളിച്ചു കയറ്റുകയില്ല എന്നാണ് താന്‍ പറഞ്ഞത്. താന്‍ ഇപ്പോഴും അങ്ങനെയാണ് കരുതുന്നത്. പോറ്റിക്കൊപ്പം ചിത്രത്തില്‍ കാണുന്നവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നാണ് വാദമെങ്കില്‍, അവരെയും അറസ്റ്റ് ചെയ്യാമല്ലോയെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.



Be the first to comment