കെനിയന്‍ മുന്‍ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു, റെയില ഒടിങ്കയുടെ അന്ത്യം പ്രഭാത നടത്തത്തിനിടെ

കൊച്ചി: കെനിയ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക.

ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടന്‍ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തുന്നത് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കെനിയന്‍ രാഷ്ട്രീയ നേതാവായ റെയില ഒടിങ്ക 2008 മുതല്‍ 2013 ലാണ് പ്രധാനമന്ത്രിയായത്. 1992 മുതല്‍ 2013 വരെ ലംഗാട്ട മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗമായിരുന്നു. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*