മുട്ടിൽ മരം മുറി; ’49 കേസുകളിൽ വനം വകുപ്പ് കുറ്റപത്രം നൽകിയില്ല’; മുൻ പബ്ലിക് പ്രോസിക്യൂട്ടർ

മുട്ടിൽ മരം മുറിയിൽ 49 കേസുകളിൽ വനം വകുപ്പ് കുറ്റപത്രം നൽകിയില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ. ഒരു വർഷത്തിനകം കുറ്റപത്രം നൽകണമെന്നാണ് വനംവകുപ്പ് നിയമമെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു പറഞ്ഞു. കേസുകളിൽ ഒരെണ്ണത്തിന് പോലും കുറ്റപത്രം നൽകിയില്ലെന്ന് ജോസഫ് മാത്യു വ്യക്തമാക്കി.

വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകൾ കുറ്റപത്രം നൽകാതെ ഏതെങ്കിലും വിധത്തിൽ കേസുകൾ ഇല്ലാതാക്കി കളയാൻ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. വനം വകുപ്പ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നത് കേസിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. കേസിൽ വനംവകുപ്പിനെ പരാതികൾ ഉന്നയിച്ചതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് അദേഹത്തെ നീക്കിയിരുന്നു. ഇപ്പോഴും കേസ് ദുർബലമാകാൻ കാരണം കുറ്റപത്രം സമർപ്പിക്കാത്തതാണെന്ന് ജോസഫ് മാത്യു പറയുന്നു.

കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ഇളവ് ലഭിക്കുന്നതിന് ഇടയാക്കുമെന്ന് ജോസഫ് മാത്യു പറഞ്ഞു. മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അഗസ്റ്റിൻ സഹോദരൻമാർ 104 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. 574 വർഷം വരെ പഴക്കമുള്ള മരങ്ങൾ വരെ മുറിച്ചുകടത്തിയെന്നാണ് കെഎഫ്ആർഐയിലെ കാലനിർണയ പരിശോധനയിൽ വ്യക്തമായത്.

Be the first to comment

Leave a Reply

Your email address will not be published.


*