‘ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും’; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപിയിലും എന്‍ഡിഎ മുന്നണിയിലുമുള്ള അതൃപ്തി പ്രകടമാക്കി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ശുദ്ധമായ രാഷ്ട്രീയം നടപ്പാകുമെന്ന് പ്രതീക്ഷിച്ചാണ് സിവില്‍ സര്‍വീസ് വിട്ട് ബിജെപിയില്‍ എത്തിയത്. ഇതിനായില്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങുമെന്ന് അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായും മുന്നണിയിലെ എഐഎഡിഎംകെയുമായും അണ്ണാമലെ അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ‘സമയമാകുമ്പോള്‍ പ്രതികരിക്കുമെന്ന’ പ്രതികരണം.

”തമിഴ്നാട്ടില്‍ മികച്ച രാഷ്ട്രീയ സഖ്യം രൂപം കൊള്ളണമെന്ന പ്രതീക്ഷയോടെയാണ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇത് തുടരും. പദവികളില്‍ തുടരേണ്ടത് ആരാണ്, മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് നിര്‍ദേശിക്കാന്‍ തനിക്ക് അധികാരമില്ല. ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ തുടരും. അല്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോള്‍ പ്രതികരിക്കും.” അണ്ണാമലൈ പറഞ്ഞു. തോക്കുചൂണ്ടി ഒരാളെയും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അണ്ണാമലൈ വിശദീകരിച്ചു. സ്വത്ത് സംബന്ധിച്ച കേസില്‍ ബിജെപി നേതൃത്വം അണ്ണാമലൈയില്‍ നിന്നും വിശദീകരണം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.

മുന്നണിയിലെ എഐഎഡിഎംകെയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം തന്റെ നിലപാടുകള്‍ ആണെന്ന ആരോപണങ്ങളും അണ്ണാമലൈ നഷേധിച്ചു. ടി.ടി.വി ദിനകരന്‍, ഒ. പനീര്‍ശെല്‍വം, കെ.എ. സെങ്കോട്ടയ്യന്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കില്ല. ഇതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. വിഷയത്തില്‍ തന്നെ പ്രതികരിക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ പലതും പറയും. എഐഎഡിഎംകെയെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല, പക്ഷേ അവരുടെ നേതാക്കള്‍ എന്നെ അധിക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അമിത് ഷായ്ക്ക് നല്‍കിയ വാക്കിന്റെ പേരില്‍ല ആണ് സ്വയം നിയന്ത്രിക്കുന്നത്. ക്ഷമയ്ക്കും ഒരു പരിധിയുണ്ട്.’ അണ്ണാമലൈ വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*