
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ ഇല്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും അതുകൊണ്ടു തന്നെ നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും സര്‍ക്കാരിനില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ല. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടികളില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്നും അല്ലാതെയുള്ള എല്ലാ വാര്‍ഷിക ആഘോഷ പരിപാടികളും ബഹിഷ്കരിക്കാന്‍ തീരുമാനിച്ചെന്നും സതീശന് വ്യക്തമാക്കി.
‘കേരളത്തെ ഈ സര്‍ക്കാര്‍ കടക്കെണിയിലാക്കിയെന്നും സംസ്ഥാനം ഇന്നുവരെ കടന്നു പോകാത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായി അവഗണിച്ചു. ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നു. മലയോര മേഖലയിലെ മനുഷ്യര്‍ വന്യജീവി ആക്രമണങ്ങളില്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. കഴിഞ്ഞ 4 മാസത്തിനിടയില്‍ 18 പേരാണ് ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം തടയാന്‍ പരമ്പരാഗതമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല. തീരദേശവും വറുതിയിലാണ്. ക്ഷേമ പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തുന്നുവെന്നും’ സതീശന് പറഞ്ഞു
മുനമ്പത്തെ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിന്റെ കുടുംബവും ഫറൂക് കോളജ് മാനേജ്മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോര്‍ഡാണ് വിഷയത്തില്‍ കടുംപിടിത്തം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താന്‍ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരിയെന്നും അധികാരത്തില്‍ വന്നാല്‍ പത്ത് മിനിറ്റില്‍ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
vd
Be the first to comment