ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

മനു സ്വരാജിന്റെ സംവിധാനത്തിൽ സൂരജ് വെഞ്ഞാറമ്മൂടും, ഷറഫുദ്ധീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പടക്കളത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും, വിജയ് സുബ്രമണ്യവും ചെന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം സൂരജ് വെഞ്ഞാറമ്മൂട് ഒരു മുഴുനീള കോമഡി വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്.

ഇരുവർക്കുമൊപ്പം ആലപ്പുഴ ജിംഖാനയിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ്, സാഫ് ബോയ്, നിരഞ്ജന അനൂപ്, പൂജ മോഹൻരാജ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനു സ്വരാജും നിതിൻ സി ബാബുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

കോളേജ് ജീവിതം പ്രമേയമാക്കിയ ചിത്രത്തിൽ സൂരജ് വെഞ്ഞാറമ്മൂടും ഷറഫുദ്ധീനും അധ്യാപകരായാണ് അഭിനയിച്ചിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് മുരുഗേശനാണ് പടക്കളത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇതിനകം റിലീസ് ചെയ്ത പടക്കളത്തിൽ ആദ്യ ഗാനമായ ചതുരംഗപ്പോരിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്.

വിനായക് ശശികുമാർ വരികളെഴുതിയിരിക്കുന്ന ഗാനം, ആലപിച്ചിരിക്കുന്നത് റാപ്പർ ബേബി ജീൻ ആണ്. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് നിതിൻ രാജ് ആറോളാണ്. ചിത്രം മെയ് രണ്ടിന് തിയറ്ററുകളിലെത്തും.

Be the first to comment

Leave a Reply

Your email address will not be published.


*