കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പരിസമാപ്തിയായെങ്കിലും അണികള്‍ ഇപ്പോഴും രണ്ടുതട്ടിലായിരിക്കുകയാണ്. മുന്നണി മാറാനായി സുവര്‍ണാവസരം കൈവന്നിട്ടും നേതൃത്വം അത് അവഗണിച്ചെന്നാണ് കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി ക്യാമ്പില്‍ നിന്നും അകന്നുവെന്നും, ഇവര്‍ യുഡിഎഫിനൊപ്പമാണെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം.
പാര്‍ട്ടിയില്‍ ഭിന്ന സ്വരങ്ങളുണ്ടെന്നും, എന്നാല്‍ എല്‍ഡിഎഫില്‍ തുടരാനുള്ള തീരുമാനത്തില്‍ ഒറ്റക്കെട്ടാണെന്നുമായിരുന്നു കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ വിശദീകരണം. എന്നാല്‍ പാര്‍ട്ടിയില്‍ ഭൂരിപക്ഷം പ്രവര്‍ത്തകരും ഇടതുമുന്നണിയ്‌ക്കൊപ്പം തുടരുന്നതില്‍ തൃപ്തരെല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
കേരളാ കോണ്‍ഗ്രസ് എം യു ഡി എഫ് വിട്ട് എല്‍ ഡി എഫില്‍ എത്തിയിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞു. രണ്ടാ പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രിയുമുണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകരില്‍ ഏറെപ്പേരും എല്‍ഡിഎഫ് ബന്ധം അവസാനിപ്പിക്കണമെന്നാഗ്രഹിക്കുന്നവരാണ്. സഭയുടെ താല്പര്യവും യുഡിഎഫിനൊപ്പമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ലത്തീന്‍ സഭയുമായി അനുനയ നീക്കവുമായി പാര്‍ട്ടി അധ്യക്ഷന്‍ ജോസ് കെ മാണി എംപി. കൊച്ചി രൂപതാ ആസ്ഥാനത്തെത്തി.
ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി പാര്‍ട്ടി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തി. മുന്നണി മാറ്റ വിഷയത്തില്‍ സഭയുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ സന്ദര്‍ശനം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
നിലവില്‍ ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നതാണ് ജോസ് കെ മാണിയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ ഈ നിലപാടില്‍ ക്രൈസ്തവ സഭകള്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എല്‍ഡിഎഫ് വിടാത്തതിന്റെ കാരണങ്ങള്‍ ബോധ്യപ്പെടുത്താനും സര്‍ക്കാരുമായി സഭയ്ക്കുള്ള തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനുമാണ് ജോസ് കെ മാണി ശ്രമിക്കുന്നതെന്നാണ് സൂചന. മുന്നണി മാറ്റത്തിനായി സഭകള്‍ ഇടപെട്ടു എന്ന വാര്‍ത്തകളെ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
അതേസമയം, പാര്‍ട്ടിക്കുള്ളില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നതിനെതിരെ കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു ചര്‍ച്ച അനാവശ്യമായിരുന്നുവെന്നും ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നുമാണ് അംഗങ്ങളുടെ നിലപാട്. പാര്‍ട്ടി ചെയര്‍മാനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.



Be the first to comment