തലസ്ഥാനത്ത് രാജേഷോ ശ്രീലേഖയോ? തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വി വി രാജേഷും ,ആര്‍ ശ്രീലേഖയും ആണ് പരിഗണനയിലുള്ളത്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ മേയര്‍മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കോഴിക്കോട് ഡോ. എസ് ജയശ്രീയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സിപിഐഎം നീക്കം.

തലസ്ഥാന നഗരഭരണം പിടിച്ച ബി.ജെ.പി ആരെ മേയറാക്കുമെന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ്. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുമാണ് സജീവ പരിഗണനയിലുള്ളത്. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ അന്തിമ അനുമതി ഇക്കാര്യത്തില്‍ വേണം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന അധ്യക്ഷന് ഉചിതമായ തീരുമാനത്തെ കേന്ദ്രം അംഗീകരിക്കാനാണ് സാധ്യത. കോര്‍പറേഷന്‍ കൗണ്‍സില്‍ നടപടികളില്‍ മുന്‍പരിചയവും നയപരമായ സമീപനവും കൈക്കൊള്ളാന്‍ കഴിയുന്നയാളെ മേയറാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. അങ്ങനെയെങ്കില്‍ അത് രാജേഷിന് അനുകൂലമാകും. രാജേഷ് മേയറായാല്‍ ശ്രീലേഖയെ ഡെപ്യൂട്ടിമേയാക്കിയേക്കും. മേയര്‍ സ്ഥാനം പുരുഷനു നല്‍കിയാല്‍ ഡെപ്യൂട്ടി മേയറായി വനിതയായിരിക്കണം. ശ്രീലേഖയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ആലോചനയുണ്ട്. ഡെപ്യൂട്ടി മേയറെന്ന തിളക്കത്തോടെ മത്സരംഗത്തിറങ്ങിയാല്‍ അത് മുതല്‍കൂട്ടാകുമെന്നും ഒരുവിഭാഗം പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.

കോണ്‍ഗ്രസ് ക്യാംപ് കണക്കുകൂട്ടിയതിലും വലിയ വിജയമാണ് കൊച്ചി കോര്‍പറേഷനില്‍ നേടിയത്. സ്റ്റേഡിയം ഡിവിഷനില്‍ നിന്നും വിജയിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ പേരിനാണ് മേയര്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളും സജീവമാണ്. പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് മേയറെ തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ലഭിച്ച ഏക കോര്‍പ്പറേഷനിലും മേയറെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ സജീവമാണ്. മേയര്‍ സ്ഥാനാര്‍ഥി സിപി മുസാഫര്‍ അഹമ്മദിനേറ്റ കനത്ത തോല്‍വി പാര്‍ട്ടിയെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. കെ രാജീവ്, ഷിംജിത്ത് ടി എസ് , സദാശിവന്‍, എസ് ജയശ്രീ എന്നിവരുടെ പേരുകളാണ് നിലവില്‍ മേയര്‍സ്ഥാനത്തേക്ക് പരിഗണനയില്‍ ഉള്ളത്.

മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി തന്നെ പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആയ പി ഇന്ദിര പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്. മേയര്‍ ആരെന്ന ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. കെ സുധാകരന്‍ എം പി ഉള്‍പ്പെടെയുള്ള കോര്‍ കമ്മിറ്റിയാകും മേയറെ തീരുമാനിക്കുക എന്നും ഇന്ദിര  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*