സിപിഐഎമ്മിൽ ആശയദാരിദ്രം പിടിപെട്ടിരിക്കുകയാണെന്നും ആലപ്പുഴയിൽ പത്ത്, പതിനഞ്ച് വർഷത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളൊന്നും ബാക്കിയുണ്ടാകില്ലെന്നും ജി സുധാകരൻ. ഈ രാഷ്ട്രീയ പോരാട്ടം ആശയങ്ങൾ വീണ്ടെടുക്കാൻ ആണ്. സെക്യുലർ ആയതുകൊണ്ടാണ് ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുന്നത്. താൻ എം എൽ എ ആയിരുന്നപ്പോൾ അമ്പലപ്പുഴയിൽ ഒരു വർഗീയ പ്രശ്നമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ ആക്രമണം നടക്കുന്നുവെന്നും ജി സുധാകരൻ.
ഇന്ത്യയിലെ ഏറ്റവും വലിയ സെക്യുലർ പാർട്ടിയാണ് കോൺഗ്രസ്. എനിക്ക് പിന്നിൽ തണൽമരം പോലെ അവർ അണിനിരന്നുവെന്ന് ജി സുധാകരൻ പറഞ്ഞു. പാർട്ടി ജീവിതത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമം നടന്നു. അന്ന് കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന് ജി സുധാകരൻ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തങ്ക ലിപികളിൽ രേഖപ്പെടുത്താൻ പോകുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും ജനഹൃദയങ്ങളുടെ സ്പന്ദനം കേൾക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിക്ക് അത് മനസ്സിലായിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി.
പാർട്ടിയിൽ നിന്നുകൊണ്ട് ഞാൻ പാർട്ടിയെ വെല്ലുവിളിച്ചില്ല, ഒഴിഞ്ഞു കൊടുത്തതിനുശേഷം ആണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ജി സുധാകരൻ പറഞ്ഞു. കോൺഗ്രസുകാരും ബിജെപിയും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു.
തന്റെ സ്ഥാനാർഥിത്വത്തിൽ ഗൂഢാലോചനയാണ് എന്ന് പറയാൻ മാത്രം എന്താണ് നടന്നതെന്നും ജി സുധാകരൻ ചോദിച്ചു. ഐഡിയോളജിയുടെ ഭാഗമാണ് എന്ന് സിപിഎമ്മിലെ ചിലർ പറയുന്നു. ഐഡിയ ഇല്ലാത്ത ആളുകൾക്ക് എന്താണ് ഐഡിയോളജിയെന്ന് സുധാകരൻ പരിഹസിച്ചു. എനിക്കെതിരെ പല വ്യാജ പോസ്റ്ററുകളും ഒരുക്കുന്നു. എ ഐ ഉപയോഗിച്ച് വരെ ഗവേഷണം നടത്തുന്നു. ആലപ്പുഴ ടൗണിൽ വച്ച പോസ്റ്ററുകൾ ചവിട്ടി ഒടിച്ചുവെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.



Be the first to comment