കോതമംഗലത്ത് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടന പരിപാടിയ്ക്കിടെ ഹോണ്‍ മുഴക്കി അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബസ് ഹോണ്‍ അടിച്ചു വന്നതല്ല വിഷയമെന്ന് മന്ത്രി പറഞ്ഞു.
എന്തെങ്കിലും മന്ത്രിയുടെ തലയില്‍ വച്ചുകെട്ടി വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട. ബസ് സ്റ്റാന്‍ഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയാണ്. എന്നിട്ട് അതുവഴി പോയെന്നാണ് കരുതിയത്. പിന്നെ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോഴാണ് നടപടി സ്വീകരിച്ചത്. ഇനി ഡ്രൈവര്‍ മഹാന്‍ ആണെങ്കില്‍ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ എന്ത് എഴുതിയാലും തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കും. വളരെ പതുക്കെ അകത്തുവന്ന് ആളുകളെ കയറ്റി പോകേണ്ട സ്ഥലത്ത് ഇത്തരം സര്‍ക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറേപ്പേര്‍. മൈക്കില്‍ കൂടിയാണ് പറഞ്ഞത്. ഹോണ്‍ അടിച്ചതിനു വണ്ടി പിടിക്കാന്‍ പറഞ്ഞില്ല. വല്ലാത്ത സ്പീഡില്‍ ബസ് ഓടിച്ചതിനെന്നാണ് പറഞ്ഞത്. നിയവിരുദ്ധമായ കാര്യങ്ങള്‍ അനുവദിക്കില്ല. അനാവശ്യമായി ഹോണ്‍ അടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അകത്തേക്ക് വന്നപ്പോഴും പുറത്തേക്ക് പോകുമ്പോഴും ഹോണ്‍ സ്റ്റക്ക് ആയിരുന്നോ എന്നും മന്ത്രി ചോദിച്ചു.
ഹോണ്‍ സ്റ്റക്കായിപ്പോയെന്നാണ് സംഭവത്തില്‍ ബസ് ഡ്രൈവറുടെ വിശദീകരണം. സ്റ്റാന്‍ഡില്‍ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നെന്നും ഹോണ്‍ സ്റ്റക്കായിപ്പോയതാണെന്നുമാണ് ബസ് ഡ്രൈവര്‍ അജയന്‍ പറയുന്നത്. ഹോണ്‍ സ്റ്റക്കായിപ്പോയത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണ്. മന്ത്രിയോട് മാപ്പ് പറയാന്‍ ചെന്നപ്പോള്‍ അടുപ്പിച്ചില്ലെന്നും അജയന്‍ പറയുന്നു. കോതമംഗലം ബസ് സ്റ്റാന്‍ഡിലെ പരിപാടിക്കിടെയായിരുന്നു ബസുകള്‍ക്കെതിരെ നടപടി എടുക്കാനുള്ള മന്ത്രിയുടെ നിര്‍ദേശം.



Be the first to comment