മഹീന്ദ്രയുടെ സ്‌കോര്‍പിയോ എന്‍ വാഹനം സ്വന്തമാക്കി മന്ത്രി കെബി ഗണേഷ് കുമാര്‍. മെഴ്സിഡീസ് ബെന്‍സും ഔഡിയും ബി എം ഡബ്ള്യുമെല്ലാം അണിനിരന്ന ഗാരിജിലേക്കാണ് പുത്തന്‍ സ്‌കോര്‍പിയോ എന്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് കളര്‍ ഓപ്ഷനാണ് പുത്തന്‍ എസ് യു വി യ്ക്കായി ഗണേഷ് കുമാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
മന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന മോഡലാണ് ഇപ്പോള്‍ സ്‌കോര്‍പിയോ എന്‍. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 13.85 ലക്ഷം രൂപ മുതല്‍ 24.17 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ എസ് യു വി. ഡ്യൂവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, മൂന്ന് നിര സീറ്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ക്ഷന്‍ സ്റ്റീയറിങ് വീല്‍, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവയുണ്ട്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.
വാഹനപ്രേമിയായ ഗണേഷ് കുമാറിന്റെ വാഹന ശേഖരത്തിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോയിട്ടുണ്ട്. വാഹനങ്ങളെ കുറിച്ച് ഏറെ സംസാരിക്കുന്ന അദ്ദേഹം ഏറ്റവുമധികം ഓര്‍മകള്‍ പങ്കുവെച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഓമ്നി വാനിനെ കുറിച്ചുമായിരിക്കും. ഒരു വിദേശ യാത്രയില്‍ കണ്ട് ഇഷ്ടമായ മിനി കൂപ്പറും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഗണേഷ് കുമാറിന്റെ വാഹനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത് നില നിറത്തിലുള്ള ടൊയോട്ട ക്വാളീസാണ്.



Be the first to comment