ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം പലസ്തീനിൽ സമാധാനം ലക്ഷ്യമാക്കിയുള്ള സമാധാന കരാറിനായി ഇസ്രയേലിനെയും ഹമാസിനെയും പുതിയ ഘട്ട ചർച്ചകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന ഖത്തർ. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയും ഈജിപ്തുമായി ചേർന്ന് ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇസ്രായേൽ തുടർച്ചയായി കരാർ ലംഘിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയുടെ കരാർ പ്രകാരം, ആദ്യ ഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 48 ബന്ദികളെ കൈമാറേണ്ടതായിരുന്നു. ഇവരിൽ ജീവിച്ചിരിക്കുന്ന 20 പേരെയും നാല് മൃതദേഹങ്ങളുമാണ് ഇതുവരെ കൈമാറിയത്. രണ്ട് വർഷത്തെ യുദ്ധമുണ്ടാക്കിയ വലിയ അവശിഷ്ടങ്ങൾക്കടിയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതിനാൽ മൃതദേഹങ്ങൾ വീണ്ടെടുക്കൽ പ്രക്രിയ മന്ദഗതിയിലാണെന്ന് ഹമാസ് അറിയിച്ചിരുന്നു.
വളരെ പെട്ടെന്ന് തന്നെ രണ്ടാം ഘട്ട ചർച്ചകളിലേക്ക് ഇരു കക്ഷികളെയും കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. നവംബറിൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച രണ്ടാം ഘട്ട കരാറിൽ, ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈനിക പിൻമാറ്റം, ഗസ്സ ഭരിക്കാൻ ഒരു ഇടക്കാല അതോറിറ്റിയെ ചുമതലപ്പെടുത്തുക,സമാധാനം ഉറപ്പുവരുത്താൻ അന്താരാഷ്ട്ര സേനയെ വിന്യസിക്കുക എന്നീ നിബന്ധനകൾ ഉൾപ്പെടുന്നുണ്ട്.



Be the first to comment