അർജന്റീനയുടെ കൊച്ചിയിലെ മത്സരത്തിൽ സ്പോൺസറുമായി കരാറില്ലെന്ന ജിസിഡിഎ വാദം പൊളിയുന്നു. സ്പോൺസർക്ക് കലൂർ സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കരാറിന്റെ ബലത്തിൽ. ജിസിഡിഎ സെക്രട്ടറി, സ്പോൺസർ, എസ്കെഎഫ് ചീഫ് എൻജിനിയർ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. സെപ്റ്റംബർ 26നാണ് രേഖ പ്രകാരം സ്റ്റേഡിയം കൈമാറിയത്.
അപൂർണമായ കരാറിൻ്റെ അനുബന്ധം എന്ന നിലയിൽ തയാറാക്കിയതാണ് കടലാസ്. സ്റ്റേഡിയത്തിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് കരാറിൽ ഇല്ല. സ്റ്റേഡിയത്തിനുണ്ടാകുന്ന നഷ്ടത്തിൻ്റെ ഉത്തരവാദിത്തം ആർക്കെന്ന വിവരങ്ങളും ഇല്ല. നേരത്തെ അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. സ്പോൺസർക്ക് എസ്‌കെഎഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനൽകിയെന്നും രേഖകളിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സ്പോൺസറുമായുള്ള അപൂർണമായ കരാർ പുറത്തുവന്നത്.
അതേസമയം കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ ജിസിഡിഎ ചെയർമാനും സ്പോൺസർക്കുമെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പൊതുസ്വത്ത് കയ്യേറി അനധികൃത നിർമ്മാണം നടത്തിയെന്നാണ് പരാതി. സ്‌റ്റേഡിയം കൈമാറ്റത്തിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.



Be the first to comment