ഇനി ടൈപ്പ് ചെയ്യാതെ ഗൂഗിൾ മാപ് സേവനങ്ങൾ ലഭിക്കും! കാൽനട യാത്രക്കാർക്കും സൈക്കിൾ ചവിട്ടുന്നവർക്കുമായി പുതിയ അപ്‌ഡേറ്റ്

ഹൈദരാബാദ്: കാൽനട യാത്രക്കാർക്കും സൈക്ലിങുകാർക്കും ഗൂഗിൾ മാപ്പിൽ ഇനി മുതൽ ഹാൻഡ്‌സ്-ഫ്രീ നാവിഗേഷൻ ലഭ്യമാക്കുമെന്ന് ഗൂഗിൾ. എഐ മോഡലായ ജെമിനൈ പിന്തുണയോടെയായിരിക്കും ഗൂഗിൾ മാപ്പ് സേവനങ്ങൾ ടൈപ്പ് ചെയ്യാതെ ലഭ്യമാവുന്നത്. ജെമിനൈയിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌സ്-ഫ്രീ സംഭാഷണ ഡ്രൈവിങ് അനുഭവം അവതരിപ്പിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിക്കുന്നത്.

പുതിയ അപ്‌ഡേറ്റിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ ടൈപ്പ് ചെയ്യുകയും പരിശോധിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കി ഉപയോക്തൃ നാവിഗേഷൻ സുരക്ഷിതവും കൂടുതൽ എളുപ്പവുമാക്കുകയാണ്. ഒരു പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ നാവിഗേഷനിടയിൽ ഉപയോക്താക്കൾക്ക് ജെമിനൈയോട് ചോദ്യങ്ങൾ ചോദിക്കാം.

ഉദാഹരണത്തിന് നിങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, സമീപത്തായി ഏറ്റവും മികച്ച റേറ്റിങുള്ള റെസ്റ്റോറന്‍റുകൾ എവിടെയൊക്കെയാണ് ഉള്ളതെന്ന് ചോദിക്കാം. ജെമിനൈ എഐ ഉപയോഗിച്ച് ഗൂഗിൾ മാപ്പ് തത്സമയ ലൊക്കേഷൻ പരിശോധിച്ച് മികച്ച ഓപ്‌ഷനുകൾ പറഞ്ഞുതരും.

സൈക്ലിങുകാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഏകദേശ സമയം ചോദിക്കാനും, ഷെഡ്യൂളുകൾ പരിശോധിക്കാനും അല്ലെങ്കിൽ ടൈപ്പ് ചെയ്യാതെ തന്നെ സന്ദേശങ്ങൾ അയയ്ക്കാനും കഴിയുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. കാൽനട യാത്രികർക്കും സൈക്ലിങ് ചെയ്യുന്നവർക്കുമുള്ള ഈ അപ്‌ഡേറ്റ് iOS, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലോകമെമ്പാടും ലഭ്യമാകുമെന്നാണ് വിവരം.

ഈ സവിശേഷത എങ്ങനെ പ്രവർത്തിക്കും?
മാപ്‌സ് ഇന്‍റർഫേസിലെ ജെമിനൈ ഐക്കണിൽ ടാപ്പ് ചെയ്‌തോ, ‘ഹേ ഗൂഗിൾ’ എന്ന ഹോട്ട്‌വേഡ് ഉപയോഗിച്ചോ ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പിൽ ജെമിനൈ ആക്‌സസ് ചെയ്യാൻ കഴിയും. നടക്കുമ്പോഴും സൈക്കിൾ ചവിട്ടുമ്പോഴും ലൊക്കേഷൻ മനസിലാക്കുന്നതിന് ഗൂഗിൾ മാപ്‌സിൽ ടൈപ്പ് ചെയ്യുന്നതും തിരയുന്നതും പലപ്പോഴും ബുദ്ധിമുട്ടായിരിക്കുമെന്ന് മാത്രമല്ല, ഒരുപക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ വരെ സംഭവിച്ചേക്കാം. ഇത്തരം സംഭവങ്ങൾ കുറച്ച് ഗൂഗിൾ മാപ്‌സ് കൂടുതൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്തുന്നതിനാണ് ഹാൻഡ്‌സ്-ഫ്രീ നാവിഗേഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പ്രാദേശിക ശുപാർശകൾ, ചരിത്രപരമായ സന്ദർഭം, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ നൽകിക്കൊണ്ട് ജെമിനൈക്ക് ഒരു വ്യക്തിഗത ടൂർ ഗൈഡായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ മാപ്‌സ് പോലെയുള്ള ദൈനംദിന ഉപയോഗങ്ങളിൽ പോലും ജെമിനൈ പിന്തുണയുമായി എത്തുകയാണ് ഗൂഗിൾ എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് പുതിയ അപ്‌ഡേറ്റ്.

പുതിയ അപ്‌ഡേ്റ്റുകൾ വേറെയും
അടുത്തിടെ ഗൂഗിൾ മാപ്‌സിൽ പുതിയ അപ്‌ഡേറ്റുകൾ വന്നിരുന്നു. മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകൾക്കൊപ്പം നാവിഗേഷനായി ജെമിനൈ-പവർഡ് എഐ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ട് ഗൂഗിൾ അടുത്തിടെ എത്തിയിരുന്നു. ഇന്ത്യക്കായി മൊത്തം 10 പുതിയ അപ്‌ഡേറ്റുകളാണ് പ്രഖ്യാപിച്ചത്. ഹാൻഡ്‌സ്-ഫ്രീ സംഭാഷണ ഡ്രൈവിങ്, റൈഡിങ് അനുഭവങ്ങൾ, സ്മാർട്ട് ട്രാവൽ ടിപ്‌സ്, മാപ്‌സിൽ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നാവിഗേഷൻ രംഗത്ത്, ഫ്ലൈ ഓവറുകൾ, ഇരുചക്ര വാഹന അവതാർ (നവതാർ), മെട്രോ ടിക്കറ്റ് മാനേജ്‌മെന്‍റ് എന്നിവയ്‌ക്കുള്ള പുതിയ വോയ്‌സ് ഗൈഡൻസ് അപ്‌ഡേറ്റിൽ ചേർക്കുന്നു. മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളിൽ പ്രോആക്ടീവ് ട്രാഫിക് അലേർട്ടുകൾ, അപകട സാധ്യതയുള്ള ഏരിയ അലേർട്ടുകൾ, ഔദ്യോഗിക വേഗത പരിധികളുടെ ഡിസ്‌പ്ലേകൾ, പരിശോധിച്ചുറപ്പിച്ച ഹൈവേ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*