ഇനി ഗൂഗിൾ അസിസ്റ്റന്റ് ഇല്ല പകരം ജെമിനി വരും; പുതുവർഷ പ്രഖ്യാപനവുമായി ഗൂഗിൾ

ആൻഡ്രോയിഡിൽ ഗൂഗിൾ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി എത്തും. 2026 മുതലാകും പുതിയ മാറ്റം നിലവിൽ വരുക. ആൻഡ്രോയിഡ് ഫോണുകൾ, ടാബ് ലെറ്റുകൾ, ഗൂഗിൾ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് തുടങ്ങിയവയിലെല്ലാം ഈ പുത്തൻ മാറ്റമെത്തും.

ഓരോ രാജ്യങ്ങളിലും ഘട്ടം ഘട്ടമായിട്ടാകും മാറ്റങ്ങൾ കൊണ്ട് വരുകയെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. 2025 അവസാനത്തോടെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാറ്റം വരുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാൽ വർഷാവസാനവും അവധിക്കാല സീസണുമായതിനാൽ ഉപയോക്താക്കൾക്ക് തടസ്സം നേരിടാതിരിക്കാനാണ് പുതുവർഷത്തിലേക്ക് തീരുമാനം ഗൂഗിൾ മാറ്റിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഗൂഗിൾ അസ്സിസ്റ്റന്റിന് പകരം ജെമിനി എത്തുന്നതോടെ ആളുകൾക്ക് കൂടുതൽ സംവദിക്കാനും ആശയവിനിമയം സുതാര്യമാക്കാനും സാധിക്കും. സ്വാഭാവിക ഭാഷയിൽ തന്നെ ജെമിനിയോട് സംസാരിക്കാൻ സാധിക്കുന്നതും ജെമിനി ലൈവ് പോലുള്ള സവിശേഷതകളുമൊക്കെയാണ് ഉപയോക്താക്കളെ ജെമിനിയിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കുന്നത്. സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് പോലും ജെമിനിയുടെ ഉത്തരങ്ങൾ വളരെ ലളിതവും മനസിലാക്കാൻ സാധിക്കുന്നതുമായിരിക്കും. അതിനാൽ ഗൂഗിൾ അസിസ്റ്റന്‍റിനേക്കാൾ മികവ് ജെമിനിക്ക് ഉണ്ടെന്നതാണ് വിലയിരുത്തലുകള്‍.

ആൻഡ്രോയിഡ് ഫോണുകളിലേക്ക് ജെമിനി എത്തുന്നതോടെ ദൈനംദിന ജോലികളെ സഹായിക്കുന്നതിനോടൊപ്പം ഫോണിലെ ആപ്പുകളിൽ നിന്നുള്ള ഡാറ്റയിലൂടെ സ്‍മാർട്ട് സഹായം നൽകുകയും ചെയ്യും. അസിസ്റ്റന്‍റിൽ നിന്ന് ജെമിനിയിലേക്കുള്ള മാറ്റം ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ പാടില്ലെന്നും ഉപയോഗം കൂടുതൽ സുഗമമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കി. അതിനാൽ അൽപ്പം സമയമെടുത്താകും ജെമിനിയുടെ മുഖം മിനുക്കിയുള്ള വരവ്. ഇതോടെ ജെമിനി ഡിഫോൾട്ട് അസിസ്റ്റന്‍റായിട്ടാകും പ്രവർത്തിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*