ആർഎസ്എസ് ഗണഗീതം സ്കൂൾ വിദ്യാർത്ഥികൾ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ലെെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും കേന്ദ്ര മന്ത്രി ആഹ്വാനം ചെയ്തു.
വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഐഎം ശ്രമമാണിതെന്ന് ജോർജ് കുര്യൻ കുറ്റപ്പെടുത്തി. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ല. കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ലെന്നും ആർ എസ് എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നും അദേഹം പറഞ്ഞു.
ഗണഗീതത്തിന്റെ അർഥം പറഞ്ഞായിരുന്നു കേന്ദ്രമന്ത്രിയുടെ ന്യായീകരണം. ഗണഗീതത്തിന് എന്താണ് കുഴപ്പമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഹൃദ്രോഗിയെ നിലത്ത് കിടത്തി ചികിത്സിക്കുന്ന ലോകത്തെ ഒന്നാമത്തെ ആരോഗ്യ കേന്ദ്രമുള്ള കേരളത്തിൽ ഇതൊക്കെ തെറ്റായിരിക്കുമെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. അതേസമയം സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശം നൽകി.



Be the first to comment