
നമ്മുടെ നാടൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഞ്ചി. ഇഞ്ചി അരച്ചും അരിഞ്ഞുമൊക്കെ ചേർക്കുന്നത് കറിയുടെ രുചിയും ഗുണവും മണവുമൊക്കെ കൂട്ടാൻ സഹായിക്കും. എന്നാൽ ഭക്ഷണത്തിൽ മാത്രമല്ല, രോഗചികിത്സയ്ക്കും ഇഞ്ചി പ്രധാനിയാണ്.
ദഹനക്കേടിന് ഇഞ്ചി ഒരു ഉടനടി പരിഹാരമാണ്. മനം പിരട്ടൽ, വയറു കമ്പിക്കുക തുടങ്ങിയവയിൽ നിന്നും താൽക്കാലിക ആശ്വാസം നേടാൻ ഇഞ്ചി കൊണ്ട് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ പേശിവേദന, വാതം എന്നിവ കുറയ്ക്കാൻ സഹായിക്കും. ആൻ്റ് ഓക്സിഡന്റുകളും വിറ്റാമിൻ സി യും പ്രതിരോധ ശേഷി വർധിപ്പിക്കും.
രണ്ട് തരത്തില്‍ ഇഞ്ചി ഉപയോഗിക്കാറുണ്ട്. ഉണക്കിയതും പച്ചയും. ഇഞ്ചി ഉണക്കിയെടുക്കുന്നതാണ് ചുക്ക്. ധാരാളം ഔഷധങ്ങളിൽ പ്രധാന കൂട്ടായി ചുക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. വയറിളക്കം നിർത്താൻ ചുക്ക് മോരിൽ അരച്ചു കഴിക്കുന്നത് നല്ലതാണ്. ചുക്കുപൊടി തേനില്‍ ചാലിച്ച് ചെറിയ അളവിൽ പല തവണയായി നക്കിത്തിന്നുന്നത് എക്കിളിനെ ശമിപ്പിക്കും. കറി പൗഡറുകൾ, ഗരം മസാല, എന്നിവയിലും ചായയിലും എന്നുവേണ്ട പായസങ്ങൾ, ലഡു, കേക്ക്, ചട്ണി, കുക്കീസ് എന്നിവയിലെല്ലാം ചുക്ക് പൊടിച്ചു ചേർക്കാറുണ്ട്.
ചുക്ക് ഉപയോഗിച്ച് കാപ്പി ഉണ്ടാക്കി കഴിക്കുന്നത് ചെറിയ ജലദോഷങ്ങൾക്കു പ്രതിവിധിയാണ്. ചുക്കും കൊത്തമല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം ദഹനത്തെ ക്രമീകരിക്കുന്ന കേരളീയരുടെ പ്രിയപ്പെട്ട പാനീയമാണ്. ചുക്കും ജീരകവും പൊടിച്ച്, പഞ്ചസാര ചേർത്ത് ഉപയോഗിക്കുന്നത് ജലദോഷം മൂലമുണ്ടാകുന്ന ചുമയ്ക്കു നല്ല ഔഷധമാണ്. ഔഷധത്തിലുള്ള ചുക്കിൻ്റെയും സാന്നിധ്യം ആ മരുന്നിൻ്റെ ആഗിരണത്തെയും പ്രവർത്തനങ്ങളെയും ത്വരിതപ്പെടുത്തുന്നു.
Be the first to comment