
ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ വെളിപ്പെടുത്തി.
കന്യാസ്ത്രീകൾക്കൊപ്പം എത്തിയ യുവതിയുടെതാണ് നിർണായക വെളിപ്പെടുത്തൽ. ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും ഇവർ പറഞ്ഞു. സർക്കാർ സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചത്. നാട്ടിലെത്തിയ ശേഷം മറ്റൊരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.ആദ്യം ഇവർക്കെതിരെ പൊലീസ് മതപരിവർത്തനം മാത്രം ചുമത്തിയായിരുന്നു കേസ് എടുത്തിരുന്നത്. എന്നാൽ പിന്നീട് മാതാപിതാക്കളുടെ സമ്മതം ഇല്ലായെന്ന് വരുത്തി തീർത്ത് പൊലീസ് മനുഷ്യക്കടത്ത് കൂടി ചുമത്തുകയായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.
മലയാളി കന്യാസ്ത്രീകൾക്ക് അനുകൂലമായിട്ടുള്ള വെളിപ്പെടുത്തലാണ് 21 കാരിയായ കമലേശ്വരി പ്രഥാൻ നടത്തിയിരിക്കുന്നത്.
അതേസമയം, കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജാമ്യത്തിന് കേന്ദ്രവും ഛത്തീസ്ഗഢ് സർക്കാരും നടപടി സ്വീകരിക്കുമെന്ന് എംപിമാരോട് അമിത് ഷാ പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഛത്തീസ്ഗഡ് മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് കന്യാസ്ത്രീകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരാകും.
CBCI-യുടെ വിമൻ കൗൺസിൽ സെക്രട്ടറി ആശാ പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ദുർഗിലെ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി സിസ്റ്റർ വന്ദന, പ്രീതി ജയിലിൽ കഴിയുകയാണ്.
Be the first to comment